- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷം മുമ്പ് ദുബായിൽ കണാതായ സ്മിതയെ കൊന്നുവെന്ന് സംശയിക്കുന്ന ദേവയാനിയെ മതം മാറ്റി നാടു കടത്താൻ സഹായിച്ചത് വൈദികൻ; മതം മാറ്റം ആന്റണിയെ കല്ല്യാണം കഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞ്
കൊച്ചി: ദഇടപ്പള്ളി സ്വദേശിനി സ്മിതയെ 10 വർഷംമുമ്പു ദുബായിലെ ഭർതൃഗൃഹത്തിൽനിന്നു കാണാതായ സംഭവത്തിൽ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂർ സ്വദേശി ദേവയാനിയെ ആൾമാറാട്ടം നടത്താൻ സഹായിച്ചതു വൈദികൻ. ദേവയാനിയെ പിടികൂടാൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയതോടെയാണു ദേവയാനി ക്രിസ്തുമതം സ്വീകരിച്ച് 'മിനി' എന്ന പേരിൽ പുതിയ പാസ്‌പോർട്ട് സ
കൊച്ചി: ദഇടപ്പള്ളി സ്വദേശിനി സ്മിതയെ 10 വർഷംമുമ്പു ദുബായിലെ ഭർതൃഗൃഹത്തിൽനിന്നു കാണാതായ സംഭവത്തിൽ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂർ സ്വദേശി ദേവയാനിയെ ആൾമാറാട്ടം നടത്താൻ സഹായിച്ചതു വൈദികൻ. ദേവയാനിയെ പിടികൂടാൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയതോടെയാണു ദേവയാനി ക്രിസ്തുമതം സ്വീകരിച്ച് 'മിനി' എന്ന പേരിൽ പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ചു വിദേശത്തേക്കു കടന്നത്.
ദേവയാനി ആത്മഹത്യ ചെയ്‌തെന്ന പ്രചാരണം കെട്ടുകഥയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ദുബായിൽനിന്നു നേരത്തെ നാടുകടത്തപ്പെട്ടു തിരിച്ചെത്തിയ ദേവയാനി 2013 ൽ വ്യാജ പാസ്‌പോർട്ടിൽ ഗൾഫിലേക്കു തന്നെ മടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവർ ഗൾഫിൽ എവിടേക്കാണു പോയതെന്നും മറ്റുമുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചുവരികയാണ്. അങ്ങനെയാണ് അന്വേഷണം വൈദികനിലെത്തിയത്. ദേവയാനിയെ മതം മാറ്റിയ കണ്ണൂർ സ്വദേശിയായ വൈദികനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ വൈദികനു കഴിഞ്ഞില്ല. മിനിയെന്ന പേരിൽ വിദേശത്തു കഴിയുന്ന ദേവയാനിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായം തേടി. ദേവയാനിയെ അറസ്റ്റ് ചെയ്താൽ മാത്രമേ സംഭവത്തിൽ വൈദികനു മറ്റെന്തെങ്കിലും പങ്കുണ്ടോ എന്നു വ്യക്തമാവൂ.
ദുബായിലെ പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയാണു ദേവയാനിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മതംമാറ്റിയെന്നതു വൈദികൻ സമ്മതിച്ചെങ്കിലും അതിന് അദ്ദേഹം നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ല. സ്മിതയുടെ ഭർത്താവ് പശ്ചിമ കൊച്ചി സ്വദേശിയായ ആന്റണി സാബുവാണു കേസിൽ ദേവയാനിയുടെ കൂട്ടുപ്രതി. അടുത്ത ബന്ധുക്കളുടെ സമ്മതത്തോടെയാണു ദേവയാനി മതം മാറിയത്. കൊച്ചി സ്വദേശിയായ ക്രൈസ്തവ യുവാവുമായി പ്രണയത്തിലാണെന്നും മതംമാറിയാൽ മാത്രമേ വിവാഹത്തിനു നടക്കൂ എന്നുമാണു ദേവയാനി ബന്ധുക്കളോടു പറഞ്ഞത്. കാമുകനായി ആന്റണിയെയാണ് അവതരിപ്പിച്ചത്. സ്മിതയുടെ തിരോധാനത്തിനു ശേഷം ആന്റണിയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്ത ശേഷമായിരുന്നു ദേവയാനിയുടെ ആൾമാറാട്ട നാടകം.
അതിനിടെ സ്മിതയുടെ തിരോധാനത്തിനു ശേഷം ദേവയാനിയുമായി ബന്ധമില്ലെന്നാണു റിമാൻഡിൽ കഴിയുന്ന ആന്റണിയുടെ മൊഴി നൽകി. എന്നാൽ 2013 വരെ ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ഫോൺവിളികളുടെ രേഖകളും എസ്‌പി കെ.ജി. സൈമൺ നേതൃത്വം നൽകുന്ന അന്വേഷണ സംഘം കണ്ടെത്തി. അതേ സമയം മതംമാറാൻ സഹായിച്ച വൈദികനോട് ഇത്തരം കഥകൾ ദേവയാനി പറഞ്ഞിട്ടില്ല. ആന്റണിയെ അറിയില്ലെന്നാണു വൈദികന്റെ നിലപാട്.
അതിനിടെ ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയ, സ്മിതയുടേതെന്നു സംശയിക്കുന്ന മൃതദേഹം തിരിച്ചറിയാൻ ദുബായിലേക്കു പോവാനിരുന്ന സ്മിതയുടെ പിതാവ് പോണേക്കര ആലിശകോടത്ത് ജോർജിന് അസുഖം മൂലം യാത്ര മാറ്റിവയ്‌ക്കേണ്ടിവന്നു. സ്മിതയുടെ മാതാവിനെയും സഹോദരിയെയും ആശുപത്രിയിലെത്തിച്ചു മൃതദേഹം കാണിക്കാനാണു പുതിയ തീരുമാനം. മിനിയെന്ന പേരിൽ വിദേശത്തേക്കു കടന്ന ദേവയാനിയെ കണ്ടെത്താൻ ദുബായ് പൊലീസും ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ്, സാബു എന്നു വിളിക്കുന്ന ആന്റണിയുടെ ദുബായിലെ കാമുകിയായിരുന്നു മിനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദേവയാനി. ദുബായ് പൊലീസ് ആന്റണിയെയും ദേവയാനിയെയും അവിഹിതബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് 110 ദിവസം ജയിലിൽ അടച്ചിരുന്നു. തുടർന്നു ദേവയാനിയെ നാടുകടത്തുകയായിരുന്നു. തിരികെ നാട്ടിലെത്തിയ ദേവയാനിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് ഇവരുടെ ആദ്യ ഭർത്താവിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്. ഇതിനിടെ, ദേവയാനി ആത്മഹത്യ ചെയ്‌തെന്ന നിലയിലുള്ള ചില വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ ചിലർ ധരിപ്പിച്ചു.
ആത്മഹത്യയുണ്ടായാൽ അസ്വാഭാവിക മരണത്തിന് കേസുണ്ടാവുമെന്നതിനാൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും അന്വേഷണം നടത്തിയെങ്കിലും ദേവയാനി എന്ന പേരിൽ ആരും ജീവനൊടുക്കിയതായി വിവരം ലഭിച്ചില്ല. ഇതോടെ, ആത്മഹത്യാ വാദം കെട്ടുകഥയാണെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയിരുന്നു. തുടർന്ന്, നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദേവയാനി വീണ്ടും രാജ്യംവിട്ടതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചത്.