ഹൂസ്റ്റൺ: സമൃദ്ധിയിൽ ആറാടിയ ഹൂസ്റ്റൺ നഗരം വളരെ പെട്ടെന്നാണ് ദുരിതക്കയത്തിൽ വീണത്. ആഡംബരമായി ജീവിച്ചിരുന്ന പലരും ഇന്ന് തലചായ്ക്കാൻ ഒരു വീട് പോലും ഇല്ലാതെ വലയുകയാണ്. മാസങ്ങളെടുക്കും ഹൂസ്റ്റണിന് ദുരിതത്തിൽ നിന്നും രക്ഷപ്പെടാനെന്ന് തീർച്ച. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രകൃതി ദുരന്തത്തിൽ 30000 പേർക്ക് ടെക്‌സാസിൽ ഉടനീളം വീട് നഷ്ടമായി. ശക്തമായ വെള്ളപ്പൊക്കത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയടക്കം 38 പേർ മരിച്ചു.

വെള്ളം ഉയർന്ന് വരുന്നതോടെ മരണം ഇനിയും കൂടുമെന്നാണ് കണക്കാക്കുന്നത്. അഞ്ച് ലക്ഷം കാറുകൾ നശിച്ചു. 160 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഹാർവേ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയ്ക്കാണ് രൂപം കൊടുത്തത്. ഏകദേശം 100,000 ഇന്ത്യൻ വംശജർ ഹൂസ്റ്റൺ ഭാഗത്ത് പ്രളയത്തിൽ പെട്ടിരിക്കാമെന്നാണ് കരുതുന്നത്.

അമേരിക്കയിൽ ആഞ്ഞ് വീശുന്ന ഹാർവി ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇന്ത്യൻ വിദ്യാർത്ഥിയും മരിച്ചു. ടെക്സസ് എ.എം സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് പി.ജി വിദ്യാർത്ഥിയും ജയ്പൂർ സ്വദേശിയുമായ നിഖിൽ ഭാട്ടിയ ആണ് മരിച്ചത്. നിഖിൽ ബാട്ടിയും സുഹൃത്ത് ഷാലിനി സിംഗും കഴിഞ്ഞ ദിവസം ടെക്സസിലെ ബ്രയാൻ തടാകത്തിൽ നീന്താനായി പോയിരുന്നു. തുടർന്ന് ഇരുവരും അപകടത്തിൽ പെടുകയായിരന്നു.

പരിക്കേറ്റ ഷാലിനി സിങ് ചികിത്സയിലാണ്. ഡൽഹി സ്വദേശിയാണ് പരിക്കേറ്റ ഷാലിനി സിങ്. തടാകത്തിൽ ഇരുവരും നീന്തിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഇരുവരും ആഴത്തിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തിയെങ്കിലും നിഖിൽ ഭാട്ടിയ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പെ തന്നെ മരിച്ചിരുന്നു.

അതേസമയം ഹാർവി ചുഴലിക്കാറ്റിനൊപ്പം ഹൂസ്റ്റൺ നിവാസികൾക്ക് മോഷ്ടാക്കളുടെയും ശല്യവും ഇരുട്ടടിയായിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായതോടെ നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ദിവസവും അർധരാത്രി മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യൂ. സംശയാസ്പദമായ സാഹചര്യത്തിൽ ഈ സമയത്ത് പുറത്തു കാണുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മേയർ സിൽവസ്റ്റർ ടേണർ അറിയിച്ചു. അതേസമയം രഷാപ്രവർത്തകരെയും ദുരിതാശ്വാസ പ്രവർത്തരെയും രാത്രി ഷിഫ്റ്റിൽ ജോലി നോക്കുന്നവരെയും ദുരിതാശ്വാസ ക്യാംപ് തേടിയെത്തുന്നവരെയും കർഫ്യൂവിൽ നിന്ന് ഇളവു ചെയ്തിട്ടുണ്ട്.

രാത്രി 10വരെ കർഫ്യൂവിനായിരുന്നു ആദ്യനീക്കം. പിന്നീട് രക്ഷാപ്രവർത്തകരുടെ സൗകര്യാർഥമാണ് അർധരാത്രിയിലേക്കു മാറ്റിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് ഒഴിഞ്ഞ വീടുകൾ ലക്ഷ്യം വച്ച് മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഇത്തരക്കാരെ തടയുകയാണു ലക്ഷ്യമെന്നും സാധാരണക്കാർക്ക് ഇതുവഴി പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ ശ്രദ്ധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചുദിവസമായി കനത്ത മഴ തുടരുകയാണ് ഹൂസ്റ്റണിലും ടെക്‌സസിലെ മറ്റു പ്രദേശങ്ങളിലും. പതിനായിരക്കണക്കിനു പേരാണ് വീടു വിട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറിയത്. ഈ അവസരം മുതലാക്കിയാണ് മോഷ്ടാക്കൾ അഴിഞ്ഞാടുന്നത്.

ഇതിനോടകം തന്നെ ഒട്ടേറെ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ആയുധധാരികളായ മോഷ്ടാക്കളെ പലയിടത്തും തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. 14 മോഷ്ടാക്കൾ ഇതുവരെ പിടിയിലായി. ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാരാണെന്ന വ്യാജേന വീടുകളിലെത്തുന്നവരെ കരുതിയിരിക്കണമെന്നും പൊലീസിന്റെ മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്കത്തിന്റെ പേരിൽ വീട്ടുകാരോട് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് മോഷ്ടിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു ഇത്.