വാഷിങ്ടൺ: ടെക്സസിനെ തകർത്ത ഹാർവി കൊടുങ്കാറ്റിന്റെ കെടുതികളിൽ നിന്ന് ജനങ്ങൾ കരകയറുന്നതിന് മുമ്പ് കൂടുതൽ ശക്തമായൊരു ചുഴലിക്കൊടുങ്കാറ്റ് യുഎസ് തിരത്ത്. അറ്റ്ലാന്റിക് കടലിൽ ശക്തി പ്രാപിച്ച ഇർമാ ചുഴലിക്കൊടുങ്കാറ്റാണ് യുഎസ് തീരം ലക്ഷ്യമാക്കി നിങ്ങിക്കൊണ്ടിരിക്കുന്നത്.

ഇർമാ കൊടുങ്കാറ്റ് കരീബിയൻ ദ്വീപുകളിൽ ആഞ്ഞടിച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. യുഎസ് തീരത്തേയ്ക്ക് നീങ്ങുന്ന ഇർമാ ശനിയാഴ്ച ഫ്ളോറിഡയിൽ എത്തുമെന്നാണ് സൂചന. മുൻ കരുതലെന്ന നിലയിൽ ഫ്ളോറിഡ സംസ്ഥാനത്തെ 67 കൗണ്ടികളിലും ഗവർണർ റിക് സ്‌കോട്ട് അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ കാറ്റഗറി അഞ്ചിൽപ്പെടുന്ന ഇർമ, യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിൽ കനത്ത നാശം വിതയ്ക്കുമെന്നാണു മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡ, യുഎസിന്റെ അധീനതയിലുള്ള പ്യൂർട്ടോറിക്കോ, വിർജിൻ ഐലൻഡ്‌സ് എന്നിവിടങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കരീബിയൻ ദ്വീപുകളായ ആന്റിഗ്വ ആൻഡ് ബാർബുഡ എന്നിവയും ഇർമ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ്. ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന ഇവിടെ അധികാരികൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇർമയുടെ സഞ്ചാര പാതയിലുള്ള പ്യൂർട്ടോറിക്കോയും 1928ലെ 'ഫെലിപ്' ചുഴലിക്കൊടുങ്കാറ്റിനു ശേഷം രാജ്യത്തെത്തുന്ന ശക്തിയേറിയ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ്. 'ഫെലിപ്' ചുഴലിക്കൊടുങ്കാറ്റിൽ ഗ്വാണ്ടെലൂപ്, പ്യൂട്ടോറിക്കോ, ഫ്‌ലോറിഡ എന്നിവിടങ്ങളിലായി 2,748 പേരാണു കൊല്ലപ്പെട്ടത്.

കരീബിയൻ ദ്വീപുകളായ ആന്റിഗ്വ ആൻഡ് ബാർബുഡ എന്നിവയും ഇർമാ ചുഴലിക്കൊടുങ്കാറ്റിന്റെ ഭീക്ഷണിയിലാണ്. ഒരു ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഇവിടെ അധികാരികൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഹാർവി ചുഴലിക്കടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറിൽ 212 കിലോമീറ്ററായിരുന്നെങ്കിൽ, ഇർമയുടെ നിലവിലെ വേഗത മണിക്കൂറിൽ ഏതാണ്ട് 295 കിലോമീറ്ററാണ്. അറ്റ്‌ലാന്റിക്കിൽ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ 'അലന്റെ' വേഗം മണിക്കൂറിൽ 305 കിലോമീറ്ററായിരുന്നു. യുഎസ് തീരത്തെത്തുമ്പോഴേക്കും ഇർമയ്ക്കു ശക്തി കുറയുമെന്ന പ്രതീക്ഷയിലാണ് യുഎസ് അധികൃതർ. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പില്ലതാനും. ടെക്‌സസിനെ തകർത്തെറിഞ്ഞ ഹാർവി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞതിനു പിന്നാലെയാണ് മറ്റൊരു കൊടുങ്കാറ്റിന്റെ വരവ്.