- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അരുണിനെ ഖത്തറിലേക്ക് കൊണ്ടുപോയത് വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ; അവിടെ എത്തിയപ്പോൾ വാഗ്ദാനം ചെയ്ത ഹോട്ടൽ ജോലി ഇല്ല; പുതിയ കമ്പനി ഉണ്ടാക്കാനെന്ന പേരിൽ ചെക്ക് ഒപ്പിടുവിച്ച് ചതി; ഒന്നരവർഷത്തോളമായി ചെയ്യാത്ത കുറ്റത്തിന് ജയിലിൽ; ഏജന്റിന്റെ കെണിയിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ ഇടപടൽ തേടി ഭാര്യ അനുസ്മൃതി
കോഴിക്കോട്: ഒന്നര വർഷത്തോളമായി ചെയ്യാത്ത കുറ്റത്തിന് ഖത്തർ ജയിലിൽ കഴിയുന്ന ഭർത്താവിനെ രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി ഭാര്യ കണ്ണീരോടെ അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങുന്നു. കോഴിക്കോട് പറമ്പിൽ പൊക്കിനാലിൽ വീട്ടിൽ അനുസ്മൃതിയാണ് ഭർത്താവ് കണിയംതാഴത്തെ അരുണിന്റെ മോചനത്തിനായി കേന്ദ്ര മന്ത്രിമാരെ ഉൾപ്പെടെ സമീപിക്കുന്നത്.
2018 ഒക്ടോബർ 15 നാണ് കുറ്റ്യാടി സ്വദേശിയായ ഷമീർ എന്നയാൾ മുഖേന അരുൺ ഖത്തറിൽ ജോലിക്ക് പോയത്. എന്നാൽ അവിടെ വെച്ച് ചതിയിൽ പെട്ട് അരുൺ ജയിലിലാവുകയായിരുന്നുവെന്ന് അനുസ്മൃതി വ്യക്തമാക്കുന്നു. ഹോട്ടൽ മാനേജർ ജോലി വാഗ്ദാനം ചെയ്താണ് ഷമീർ ഖത്തറിലേക്ക് ജോലിക്ക് കൊണ്ടുപോയത്. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെയായിരുന്നു ഷമീർ ജോലിയുടെ ഓഫർ മുന്നിൽ വെച്ചത്.
വിവാഹ കാര്യം പറഞ്ഞപ്പോൾ ഖത്തറിൽ ഒരു ത്രീ സ്റ്റാർ ഹോട്ടൽ ഫൈവ് സ്റ്റാർ ഹോട്ടൽ ആക്കുന്നതിന് വേണ്ടി ലോൺ പാസാവണമെങ്കിൽ സ്റ്റാഫിനെ ആദ്യം കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞു. ഒന്നര മാസം കൊണ്ട് എല്ലാം ശരിയാവുമെന്നും കല്ല്യാണ തീയ്യതി ആകുമ്പോഴേക്കും തിരിച്ചുവരാമെന്നും പിന്നീട് ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നും അറിയിക്കുകയായിരുന്നു. ഖത്തറിൽ എത്തിയ അരുണിനെ ഹോട്ടൽ നടത്തിപ്പുകാരാണെന്ന് പറഞ്ഞ് ഹുസൈൻ, ജഫ്രി എന്നിവരെ ഷമീർ പരിചയപ്പെടുത്തി.
ഖത്തറിലെത്തി കുറേ ദിവസം കഴിഞ്ഞിട്ടും ഹോട്ടലുമായുള്ള ഒരിടപാടും നടക്കാതെ വന്നപ്പോൾ കാര്യം അന്വേഷിച്ച അരുണിനോട് പദ്ധതി ഉപേക്ഷിച്ചെന്നും പുതിയ ഒരു കമ്പനി തുടങ്ങുകയാണെന്നും തെറ്റിദ്ധരിപ്പിച്ചു. നിലവിൽ ഹുസൈന്റെയും ജഫ്രിയുടെയും പേരിൽ വേറെ കമ്പനികൾ രജിസ്റ്റർ ചെയ്തതതിനാൽ ഇനിയും പുതിയ ഒരു കമ്പനി തുടങ്ങാൻ പറ്റില്ലെന്നും അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ ടീം പോസിറ്റീവ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് എന്ന കമ്പനി അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തുവെന്നും അനുസ്മൃതി പറഞ്ഞു.
2019 ഫെബ്രുവരി മൂന്നിന് കല്യാണം നിശ്ചയിച്ചിരുന്ന അരുണിന് നാട്ടിലേക്ക് വരേണ്ടിവന്നപ്പോൾ കമ്പനി ആവശ്യത്തിനാണെന്നും പറഞ്ഞ് ബ്ലാങ്ക് ചെക്ക് ബുക്ക് മുഴുവനായി ഒപ്പിടുവിച്ച് വാങ്ങിച്ചു. നാട്ടിലെത്തി ഫെബ്രുവരി മൂന്നിന് കല്ല്യാണം കഴിഞ്ഞ അരുൺ കമ്പനി ഉദ്ഘാടനത്തിനായി ആറിന് തന്നെ ഖത്തറിലേക്ക് മടങ്ങിപ്പോയി. വെറും മൂന്നു ദിവസം മാത്രം വിവാഹ ശേഷം നാട്ടിൽ നിന്ന അരുൺ മടങ്ങി ഖത്തറിലെത്തിയപ്പോൾ ഉദ്ഘാടനം നടന്നില്ല. വാഗ്ദാനം ചെയ്ത ജോലിയും ലഭിച്ചില്ല.
മനം മടുത്ത് ജൂണിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ ചെക്ക് മടങ്ങിയതിന്റെ പേരിൽ അറസ്റ്റിലാവുകയായിരുന്നു. ഒപ്പിട്ടു വാങ്ങിച്ച ചെക്കുകകൾ ഉപയോഗിച്ച് ഹുസൈനും ജഫ്രിയും ഷമീറും അടങ്ങുന്ന സംഘം നിരവധി കള്ള ഇടപാടുകൾ നടത്തിയതിന്റെ പേരിലാണ് കേസ് വന്നത്. ഈ ചെക്കുകൾ ആർക്കാണ് കൊടുത്തതെന്നോ എത്ര തുകയുടെ ഇടപാടുകളാണ് നടന്നതെന്നോ അരുണിന് അറിയില്ല. ഏകദേശം 1.5 മില്ല്യൺ ഖത്തർ റിയാലിന്റെ ഇടപാടുകൾ നടന്നതായാണ് അറിയുന്നത്. പത്ത് വർഷത്തേക്കാണ് അരുണിനെ കോടതി ശിക്ഷിച്ചത്.
യുവാക്കളെ തട്ടിപ്പിനായി റിക്രൂട്ട് ചെയ്യുന്ന ഏജന്റാണ് കുറ്റ്യാടി സ്വദേശിയായ ഷമീറെന്നും അയാൾക്ക് പിന്നിൽ വലിയൊരു മാഫിയ തന്നെ ഉണ്ടെന്നാണ് അറിയുന്നതെന്നും അനുസ്മൃതി വ്യക്തമാക്കി. 2019 ഒക്ടോബറിലാണ് സംഭവങ്ങൾ വീട്ടിൽ അറിയുന്നത്. വീട്ടിലറിയിച്ചാൽ ജീവിതകാലം മുഴുവൻ ജയിലിൽ അകപ്പെടുത്തുമെന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ ശേഷം പൊലീസിൽ പരാതി നൽകുിയിരുന്നു. എന്നാൽ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കി.
കേന്ദ്ര മന്ത്രി വി മുരളീധരനും മന്ത്രി ടി പി രാമകൃഷ്ണനും ഉൾപ്പെടെ പരാതി നൽകി കാത്തിരിക്കുകയാണ് അനുസ്മൃതി. ഖത്തറിലെ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികളും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അരുണിന്റെ രക്ഷിക്കാൻ അധികൃതരുടെ ഇടപെടലുണ്ടാവണമെന്ന് പാവങ്ങാട് അയൽപക്ക വേദിയും ആവശ്യപ്പെട്ടു. കണിയംതാഴത്ത് അരുൺ നിയമസഹായസമിതി എന്ന പേരിൽ ജനകീയ സമിതിയും പാവങ്ങാട് അയൽപക്ക വേദിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. എം കെ രാഘവൻ എം പി, എ പ്രദീപ് കുമാർ എം എൽ എ എന്നിവർ സമിതിയുടെ രക്ഷാധികാരികളാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.