ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹേതര ബന്ധം സംശയിച്ച് 32കാരൻ ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് വെട്ടിമാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭോപ്പാലിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രീതം സിങ് സിസോദിയയാണ് ഭാര്യയെ ആക്രമിച്ചത്. പ്രായപൂർത്തിയാവാത്ത മകനൊപ്പമാണ് പ്രീതം താമസിക്കുന്നത്. ഭാര്യ സംഗീത ഇൻഡോറിലെ ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. അവധി ദിവസങ്ങളിൽ മാത്രമാണ് സംഗീത വീട്ടിൽ വരാറ്.

ചൊവ്വാഴ്ച സംഗീത വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം. രാത്രിയിൽ മദ്യപിച്ച് വീട്ടിൽ എത്തിയ പ്രീതം യുവതിയെ ആക്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു.

സംഗീതയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് സംഗീതയെ നാട്ടുകാർ കണ്ടത്. തല വെട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിൽക്കുകയായിരുന്നു പ്രീതം എന്ന് നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ പ്രീതത്തെ അറസ്റ്റ് ചെയ്തു. യുവതിയുടെ അറ്റുപോയ കൈയും പാദവും തുന്നിച്ചേർക്കാൻ കഴിയുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ പറയുന്നു.