ന്യൂഡൽഹി: മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഡൽഹി മംഗോൾപുരി സ്വദേശിയായ സമീറാണ് ഭാര്യ സബാനയെ (40) കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചോരപുരണ്ട കത്തിയുമായി സമീർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.

നാൽപ്പത്തിയഞ്ചുകാരനായ സമീർ ജോലിക്ക് പോകാതെ മദ്യപിച്ച് സ്ഥിരമായി വഴക്കിട്ടിരുന്നു. ഇതിനെ ചൊല്ലി ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രതി കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ സബാനയെ തൊട്ടടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമീറിനും സബാനയ്ക്കും 21 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കൊലപാതകം നേരിൽ കണ്ട മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും സമീറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യപിച്ച് നടക്കുന്നതിനാൽ ഭാര്യ തന്നെ ഒരു മാസമായി വീട്ടിലേക്ക് കയറ്റിയിരുന്നില്ലെന്നും അതുകൊണ്ടാണ് സബാനയെ കൊലപ്പെടുത്തിയതെന്നും സമീർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.