ബറേലി: ഉത്തർപ്രദേശിലെ മിർഗഞ്ചിൽ മതംമാറാൻ വിസമ്മതിച്ചതിന് ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നുവെന്ന് പരാതി. ചുരായ് ദൽപത്പുർ സ്വദേശി നിഷ (28) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഭർത്താവ് ഇഖ്ബാൽ ഒളിവിൽപ്പോയി.ചൊവ്വാഴ്ചരാത്രിയാണ് നിഷയെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ആദ്യം ആത്മഹത്യയെന്നാണ് കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണം ആത്മഹത്യയല്ലെന്നും കയർ ഉപയോഗിച്ച് കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്നും കണ്ടെത്തിയത്.മകളെ മതംമാറ്റാനുള്ള ഇഖ്ബാലിന്റെ ശ്രമം എതിർത്തതിന്റെ പേരിലാണ് സുഹൃത്തുക്കളുടെ സഹായത്തോടെ നിഷയെ കൊലപ്പെടുത്തിയതെന്ന് മാതാവ് കൗശൽ ദേവി പൊലീസിൽ പരാതി നൽകി.

ഹിന്ദുവാണെന്ന് അവകാശപ്പെട്ട് പത്തുവർഷംമുമ്പാണ് ഇഖ്ബാൽ നിഷയെ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് രണ്ട് പെൺമക്കളുണ്ട്. ഇഖ്ബാൽ മതംമാറാൻ നിഷയുടെമേൽ സമ്മർദം തുടരുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് രാജ് കുമാർ അഗർവാൾ പറഞ്ഞു.