കൊല്ലം: അദ്ധ്യാപികയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപെടുത്തിയത് കാമുകനൊപ്പം പോകാനുള്ള നീക്കത്തെ തുടർന്ന്. തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോകാനുള്ള ശ്രമത്തിനിടെയുണ്ടായ തർക്കമാണ് ഭാര്യയെ കൊല്ലാൻ കാരണമെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. പത്തനംതിട്ട ചന്ദനപ്പള്ളി എൽ.പി.എസ്് അദ്ധ്യാപികയും ശാസ്താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തിൽ അനിതാ സ്റ്റീഫനെ (39) യാണ് ഹെൽത്ത് ഇൻസ്പെക്ടറായ ഭർത്താവ് ആഷ്‌ലി സോളമൻ(45) ചിരവ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. വീടിനുള്ളിൽ തലക്കടിയേറ്റ് രക്തം വാർന്നൊലിച്ച് മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് നാലു മണിയോടെ അനിതയുടെ പിതാവ് സ്റ്റീഫനാണ് മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ ഇടനാഴിയിലാണ് മൃതദേഹം കിടന്നത്. സമീപത്തു നിന്നും രക്തം പുരണ്ട ചിരവയും പൊലീസ് കണ്ടെത്തിയിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയക്കുകയും ചെയ്തു. ഇതിനിടയിൽ ഭർത്താവ് ആഷ്ലിയെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് കൃത്യം ചെയ്തത് ഇയാളാണെന്ന സംശയത്തിലായി പൊലീസ്. ആഷ്ലിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്യാനായത്.

സംഭവത്തെപറ്റി ആഷ്ലി പൊലീസിന് നൽകിയ വിവരം ഇങ്ങനെ; അനിതയ്ക്ക് ചവറ സ്വദേശിയയായ അശോക പണിക്കരുമായി വഴി വിട്ട ബന്ധം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലി പലവട്ടം കുടുംബവഴക്കും നടന്നിട്ടുണ്ട്. അടുത്തിടെ അനിതയെ ഇയാൾ വീട്ടു തടങ്കിലാക്കിയിരുന്നു. ഇതിനെ തുടർന്ന് അശോക പണിക്കർ ഹൈക്കോടതിയിൽ ഹേബിയസ്‌കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. അങ്ങനെ ഇരിക്കെയാണ് ചൊവ്വാഴ്ച അനിതയെ തേടി വീടിനടുത്ത് എത്തിയത്. ഇത് കണ്ട് പ്രകോപിതനായ ആഷ്ലി അടുക്കളയിൽ നിന്നും ചിരവ എടുത്ത് തലയ്ക്കടിച്ചു വീഴ്‌ത്തുകയും ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മരണം ഉറപ്പു വരുത്തുകയുമായിരുന്നു. പിന്നീട് ഇയാൾ പത്തനംതിട്ട വഴി കോട്ടയത്തേക്കും തുടർന്ന് കാസർകോട്ടേക്കും പോയി. കഴിഞ്ഞ ദിവസം കാസർകോട്ടു നിന്നും തിരികെ നാട്ടിലേക്ക വരുന്നതായി പൊലീസിന് സൂചന ലഭിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ കടപുഴക്ക് സമീപം വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊട്ടാരക്കര ഡിവൈ.എസ്‌പി. അശോകന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട സിഐ. വി എസ്.പ്രശാന്ത്, എസ്‌ഐ.മാരായ രാജീവ്, നൗഫൽ, എഎസ്ഐ. അജയകുമാർ, സി.പി.ഒ.മാരായ ശിവകുമാർ, അനിൽകുമാർ, മധുസൂദനൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.ഏറെ നാളായി ഇരുവരും തമ്മിൽ വലിയ കുടുംബ പ്രശ്നങ്ങളായിരുന്നു. കൊല്ലപ്പെടുന്ന ദിവസം താൻ അശോകപണിക്കരുമൊന്നിച്ച് ജീവിക്കാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ നീ ജീവിക്കുന്നത് ഒന്നു കാണണമെടീ എന്ന് പറഞ്ഞ്കൊണ്ടാണ് അടിച്ചത്. തന്നെ വിട്ട് പോകുന്നതിലുള്ള മനോ വിഷമമാണ് കൊല നടത്താൻ പ്രേരണയായതെന്ന് ആഷ്ലി പൊലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.