ബേഡകം: സംശയ രോഗത്തെ തുടർന്ന് കാസർകോട് ജില്ലയിലെ ബേഡകത്ത് ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊന്നു. മദ്യപിച്ചെത്തിയ അരുൺകുമാർ തിങ്കളാഴ്ച വൈകുന്നേരം ഭാര്യയെ റൂമിൽ പിടിച്ചു കയറ്റി മർദനം ആരംഭിക്കുകയായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ചാണ് മർദനം തുടങ്ങിയത്. ഒരു രാത്രി മുഴുവൻ യുവാവ് ഭാര്യയെ ഇടിച്ചും തൊഴിച്ചും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നത്.

ബേഡകം കാഞ്ഞിരത്തിങ്കാൽ കുറത്തിക്കുണ്ട് കോളനിയിൽ എച് സുമിത (23) ആണ് മരിച്ചത്. മരപ്പട്ടിക കൊണ്ടുള്ള അടിയിലാണ് യുവതി ഒടുവിൽ കൊല്ലപ്പെടുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ നീലനിറത്തിൽ പാടുകൾ ഏൽകാത്ത ഒരു ഭാഗവും ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. യുവതിയുടെ ദേഹമാസകലം പരിക്കുണ്ട്. ചൊവ്വാഴ്ച പുലർചെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരുൺകുമാർ (25) പൊലീസ് പിടിയിലായിട്ടുണ്ട്. ഇവർക്ക് മൂന്ന് വയസുള്ള അതുൽ എന്ന മകനുണ്ട്. നാലുവർഷം മുമ്ബ് പ്രണയിച്ചാണ് യുവതിയും യുവാവും വിവാഹിതരായത്. കൂലിപ്പണിക്കാരനാണ് അരുൺകുമാർ. കൊല നടക്കുമ്പോൾ സുമിതയുടെ മാതാവ് ജാനകിയും അരുൺകുമാറിന്റെ അനുജനും വല്യമ്മയും വീട്ടിൽ ഉണ്ടായിരുന്നു.

ഇവർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും റൂമിന്റെ വാതിൽ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല. പിടിയിലായ അരുൺകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കൊലയ്ക്കുള്ള കാരണം വ്യക്തമായത്. കാസർകോട് ആർ ഡി ഒയുടെ സാന്നിധ്യത്തിൽ എസ് ഐ മുരളി മൃതദേഹം ഇൻക്വസ്റ്റ് നടത്തി

കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച സുമിതയുടെ മാതാവ് ജാനകിയുടെ പരാതിയിൽ ഭർത്താവ് അരുൺകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തതായി ബേഡകം പൊലീസ് അറിയിച്ചു.