- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ നടുക്കി മറ്റൊരു അരുംകൊല കൂടി; കൊല്ലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; ആക്രമണം ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ച്; കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി അകന്നു കഴിയുന്ന ജിൻസിയെ വെട്ടുകത്തിയുമായി എത്തി ആക്രമിച്ചു ദീപു; ആക്രമണം തടയാൻ ശ്രമിച്ച മകനെതിരെയും പരാക്രമം
കടയ്ക്കൽ: കേരളത്തെ നടുക്കുന്ന കൊലപാതകങ്ങളാണ് കുറച്ചു ദിവസങ്ങളായി തുടർച്ചയായി നടക്കുന്നത്. ഈ കൊലപാതക പരമ്പരയിൽ നടുക്കുന്ന മറ്റൊരു കൊലപാതകം കൂടി. കൊല്ലം ജില്ലയിലെ കടയ്ക്കയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടപ്പുറം ലതാമന്ദിരത്തിൽ ജിൻസി(27)യാണ് കൊല്ലപ്പെട്ടത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവച്ചാണ് സംഭവം നടന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. കുറച്ചുകാലമായാള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി ജിൻസിയും ദീപുവും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ജിൻസി ജിൻസിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. ഇവർക്കിടയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള അനുരഞ്ജന ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അതൊന്നും ഫലവത്തായില്ല.
ഇന്ന് വൈകീട്ടോടെ ജിൻസിയുടെ വീട്ടിലേക്ക് അതിക്രമിച്ചു എത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിൻസിയുടെ തലയ്ക്കാണ് വെട്ടേറ്റത്. സംഭവം കണ്ട് ആക്രമണം തടയാൻ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടർന്ന് കുട്ടി ഓടിരക്ഷപ്പെട്ട് അൽപം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും ജിൻസി മൃതപ്രായ ആയിരുന്നു.
25-ൽ അധികം വെട്ടുകൾ ജിൻസിക്ക് ഏറ്റിരുന്നു. ജിൻസിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് ഉൾപ്രദേശത്താണ് ജിൻസിയുടെ വീട്. അതുകൊണ്ടു തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട ദീപു, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പർ വൈസറായിരുന്നു ജിൻസി. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിൻസി-ദീപു ദമ്പതിമാർക്ക്. ഒരു കുട്ടി ജിൻസിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.