ചെറുതോണി: ഗാന്ധിനഗറിൽ കിടപ്പ് രോഗിയായ വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി . ഇടുക്കി ആലിൻ ചുവട് സ്വദേശി കാലായിക്കൽ മുനി സ്വാമിയുടെ ഭാര്യ രഞ്ജിനി(55) യാണ് കൊല്ലപ്പെട്ടത്. പ്രതി മുനിസ്വാമി അറസ്റ്റിൽ. ഭാര്യയെ നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഭർത്താവ് തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. കൊലപാതക ശേഷം ഭർത്താവ് മുനി സ്വാമി ഇവർ സ്വഭാവികമായി മരിച്ചതായി അയൽവാസികളെ അറിയിച്ചു.

ബന്ധുക്കൾ സംശയം പറഞ്ഞതിനെത്തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലെക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണന്ന് തെളിഞ്ഞതോടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ആറുമാസമായി ഇവർ തളർന്ന് കിടപ്പിലായിരുന്നു. ഭർത്താവും ഇവരും ഒറ്റക്കായിരുന്നു താമസം. മുനിസ്വാമി തമിഴ്‌നാട് സ്വദേശിയാണ്, 31 വർഷം മുൻപ് ചെന്നൈയിൽ ചെമ്മീൻ കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്യുമ്പോഴുള്ള പരിചയത്തെ തുടർന്ന് രഞ്ജിനിയെ വിവാഹം ചെയ്ത് ഇടുക്കിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

ഇടുക്കി സിഐ വിജയന്റെ നേതൃത്വത്തിൽ എസ്ഐമാരായ ചാർലി, അജയൻ, സിപിഒ സ്റ്റാൻലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം സ്വദേശിനിയാണ് കൊല്ലപ്പെട്ട രജ്ഞിനി. ഇരുവർക്കും മൂന്നു പെൺമക്കളാണ്. രണ്ടുപേർ വിവാഹിതരാണ്. ഇളയ മകൾ തൊടുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. മക്കൾ: സൗന്ദര്യ, സംയുക്ത, സുസ്മിത. മരുമക്കൾ: ഗിരിഷ്, മനു.