- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി; ഭർത്താവിന് അഞ്ചു വർഷം ജയിൽ ശിക്ഷ
ദുബൈ: ദുബൈയിൽ വാക്കുതർക്കത്തിനിടെ ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് അഞ്ചു വർഷം തടവുശിക്ഷ. ദുബൈയിലെ ജുമൈറയിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരിയാണ് ഭാര്യ. തർക്കത്തിനിടെ ഭർത്താവ് ഇവരുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ഭാര്യ വീട്ടുജോലിക്ക് പോകുന്നത് ഭർത്താവിന് ഇഷ്ടമല്ലായിരുന്നു. എന്നാൽ ജോലി ഉപേക്ഷിക്കാൻ ഭാര്യ തയ്യാറായില്ലെന്ന് കോടതി രേഖകളിൽ പറയുന്നു. ഭാര്യയെ കാണാനായി അവർ ജോലി ചെയ്യുന്ന വില്ലയിലെത്തിയതായിരുന്നു ഭർത്താവ്. വീട്ടുജോലിക്കാരിയോട് വില്ലയ്ക്ക് പുറത്ത് നിന്ന് സംസാരിക്കാൻ വീട്ടുടമസ്ഥൻ പറഞ്ഞു. ഇതിന് മിനിറ്റുകൾക്ക് ശേഷം വീട്ടുജോലിക്കാരി സഹായത്തിനായി നിലവിളിക്കുന്നതാണ് വീട്ടുടമസ്ഥൻ കേട്ടത്.
താൻ വീടിന് പുറത്തെത്തി നോക്കുമ്പോൾ വീട്ടുജോലിക്കാരി രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് കാണുന്നതെന്ന് ഉടമസ്ഥൻ പറഞ്ഞു. യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുടമസ്ഥനാണ് പൊലീസിലും ആംബുലൻസിലും വിവരം അറിയിച്ചത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരുടെ ജീവൻ രക്ഷിച്ചു. പ്രതിയായ ഭർത്താവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
10 വർഷമായി വിവാഹം കഴിഞ്ഞിട്ടെന്നും തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവിന് സംശയം ഉണ്ടായിരുന്നതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി. യുവതി തന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പണം തിരികെ വാങ്ങാനാണ് സംഭവ ദിവസം വില്ലയിലെത്തിയത്. എന്നാൽ വില്ലയ്ക്ക് സമീപം ഒരു കാർ കണ്ടെന്നും ഇത് തന്റെ ഭാര്യയുടെ കാമുകന്റെയാണെന്നാണ് കരുതിയതെന്നും പ്രതി പറഞ്ഞു. ജയിൽശിക്ഷ പൂർത്തിയായാൽ പ്രതിയെ നാടുകടത്തും. വിധിയിൽ 15 ദിവസത്തിനകം അപ്പീൽ നൽകാൻ അവസരമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ