ഷാർജ: ഫേസ്‌ബുക്കിൽ ഭാര്യയുടെ സ്റ്റാറ്റസ് സിംഗിൾ എന്നു കണ്ടതിനെത്തുടർന്ന് പൊതുസ്ഥലത്തുവച്ച് ഭർത്താവ് ഭാര്യയെ മർദിച്ചു. ഷാർജയിലെ ഒരു ഷോപ്പിങ് മാളിൽ വച്ചാണ് സംഭവം. ഇരുപത്തെട്ടുകാരനായ ഭർത്താവും ഇരുപത്തിനാലുകാരിയായ ഭാര്യയും കൂടി ഒരുമിച്ച് ഷോപ്പിങ് മാളിലെത്തിയപ്പോഴാണ് അടിപിടി അരങ്ങേറുന്നത്.

ഭാര്യ ഷോപ്പിങ് നടത്തിക്കൊണ്ടിരിക്കെ ഭർത്താവ് ഒരു റെസ്റ്റോറന്റിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു. ഇടവേളയിൽ അയാൾ ഫേസ്‌ബുക്ക് തുറന്നു നോക്കിയപ്പോഴാണ് ഭാര്യയുടെ സ്റ്റാറ്റസ് സിംഗിൾ എന്നു കാണുന്നത്. ഷോപ്പിങ് കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യയ്ക്ക് ഇതിന്റെ പേരിൽ മർദനം ഏൽക്കുകയായിരുന്നു. പൊതുസ്ഥലമാണെന്നൊന്നും നോക്കാതെ മാളിന്റെ മധ്യത്തിൽ വച്ച് ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഭാര്യയുടെ ന്യായങ്ങളൊന്നും കേൾക്കാൻ തയാറാകാത്ത ഭർത്താവിനെ മെരുക്കുന്നതിനായി ഭാര്യ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തുകൊണ്ടു പോയി.