കോഴിക്കോട്: 'ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ല പോലും. അതുകൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുകളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു. സമൂഹത്തിന്റെ മുമ്പിൽ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു. പറഞ്ഞിട്ടെന്തിനാ പരിഹാസങ്ങളും കുറ്റപെടുത്തലുകളും കേൾക്കാനല്ലേ... എന്റെ തന്നിഷ്ട്ട പ്രകാരം പോയതല്ലേ.... ആരോട് പറയാൻ കുറെ ഒറ്റക്കിരുന്നു കരയും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ. എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെല്ലും ഒരു വിലയും ഇല്ലാതെ അടിയും തൊഴിയും കൊള്ളാൻ. ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാൽ ഒന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും ചെയ്യും. ഇത്രയും കാലം എന്റെ മകനെ ഓർത്തിട്ട ഞാൻ സഹിച്ചു. കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെൽപില്ല. എനിക്ക് എന്റെ മോനെ വളർത്താൻ ഉള്ളതാണ്. ഏഴു മാസം ആയി വീട്ടിൽനിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്.... ' കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനിയായ ബിജ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റാണിത്. കാൻസർ ബാധിതയായ തനിക്കൊപ്പം എപ്പോഴുമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച്, ചികിത്സാ സഹായമായി നാട്ടുകാർ നൽകിയ പണം ദുരുപയോഗം ചെയ്യുകയാണ് ഭർത്താവ് എന്ന ആരോപണവുമായാണ് ബിജ്മ രംഗത്തെത്തിയത്.

ഒരു കാലത്ത് മാധ്യമങ്ങൾ ഏറെ വാർത്തകൾ നൽകിയ ദമ്പതികളായിരുന്നു ബിജ്മയും ഭർത്താവ് ധനേഷും. കാൻസർ ബാധിതയായ ബിജ്മയ്ക്ക് കീമോ ചെയ്ത് മുടി കൊഴിയുമ്പോൾ ധനേഷും തലമൊട്ടയടിച്ച് ഒപ്പം ചേർത്തു നിർത്തും. ഈ ബന്ധം മാധ്യമങ്ങളിൽ വലിയ വാർത്തകളുമായി. ഇതേ ഭാര്യ തന്നെയാണ് ഇപ്പോൾ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം 2019 ലാണ് ബിജ്മയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ടെസ്റ്റുകൾ നടത്തിയപ്പോൾ വൃക്കയ്ക്കടുത്ത് മുഴ ഉണ്ടെന്ന് വ്യക്തമായി. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വൃക്കയ്യും തകരാറുണ്ടെന്ന് മനസ്സിലായപ്പോൾ മുഴയ്‌ക്കൊപ്പം ഒരു വൃക്കയും മുറിച്ചു നീക്കുകയായിരുന്നു. പിന്നീടാണ് കാൻസറാണെന്ന് വ്യക്തമായി റിപ്പോർട്ട് വന്നത്.

പിന്നീട് ചികിത്സയുടെ നാളുകളായിരുന്നു. അന്നെല്ലാം ഭർത്താവും ഒപ്പം നിന്നു. രോഗ വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ വഴി പലരും സഹായിക്കാൻ രംഗത്തെത്തി. ചികിത്സയ്ക്കായി പലയിടങ്ങളിൽ നിന്നായി 35 ലക്ഷത്തിന് മുകളിൽ തുക ലഭിച്ചിരുന്നു. ഇതോടെ കാൻസറിനെതിരായ പോരാട്ടത്തിൽ തനിക്കൊപ്പമുണ്ടാവുമെന്ന് വിശ്വസിച്ച് കൂടെ നിന്ന ഭർത്താവ് ചികിത്സാ സഹായഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവന്നാണ് ബിജ്മയുടെ പരാതി.

ലഭിച്ച തുകയിൽ കുറച്ചു മാത്രം ചികിത്സയ്ക്കായി ചെലവഴിച്ച് ബാക്കി തുക ധൂർത്തടിക്കുകയും ഒരു വീട് നിർമ്മിക്കുകയും ചെയ്തു. അമ്പതിനായിരം രൂപയെങ്കിലും അക്കൗണ്ടിൽ ബാക്കി വെക്കാൻ പറഞ്ഞിട്ടും കേട്ടില്ല. എന്തെങ്കിലും ചോദിക്കുമ്പോൾ ക്രൂരമായി പീഡിപ്പിക്കുന്നതും പതിവായി. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ ജോലിക്കാരിയുടെ സ്ഥാനം മാത്രമാണ് അവിടെ ലഭിച്ചത്. ഒരു തരത്തിലുള്ള പരിഗണനയും ഭർത്താവിന്റെ അമ്മയും സഹോദരിയും തന്നോട് കാണിച്ചില്ല. ഇതോടെയാണ് കേസ് നൽകാൻ തീരുമാനിച്ചതെന്നും ബിജ്മ പറഞ്ഞു.

ചികിത്സാസഹായ തുക ദുരുപയോഗം ചെയ്തതും ശാരീരിക-മാനസിക പീഡനങ്ങൾ കാണിച്ച് വെള്ളയിൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതേ സമയം കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി ഭർത്താവും കുടുംബവും രംഗത്തുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
'ആറു വർഷം അദ്ദേഹത്തിന്റെയും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാൻ... എനിക്ക് എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കിൽ എന്റെ മരണം കൊണ്ടെങ്കിലും ഞാൻ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും. '- എന്നു പറഞ്ഞുകൊണ്ടാണ് ബിജ്മ പോസ്റ്റ് അവസാനിപ്പിക്കുന്നത്.