നിസാര കാര്യങ്ങൾക്ക് പോലും വിവാഹ മോചനം എന്ന പരിഹാരം മാത്രം
മുന്നോട്ട് വയ്ക്കുന്ന ജീവിത പങ്കാളികളുടെ എണ്ണം വർധിച്ചു വരുന്ന പ്രവണതയാണ് ഇന്നത്തെ സമൂഹത്തിൽ കാണുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നവർക്ക് എന്നും ഒരു പാഠമാണ് സ്‌നേഹത്തിന്റെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന യുവതി. സ്റ്റെഫി എന്ന് പേര് അഭിമാനത്തോടെയാവും ഇനി എല്ലാവരും ഓർക്കുക. കാൻസർ ബാധിതനായ ഭർത്താവിനെ സ്‌നേഹ പൂർവം പരിചരിക്കുന്ന സ്റ്റെഫിയെ പറ്റിയാണ് സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ ചർച്ച.

ക്യാൻസർ ബാധിച്ച തന്നെ പരിപാലിക്കുന്ന ഭാര്യയെ പറ്റി യുവാവ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടതോടെയാണ് സ്‌നേഹത്തിന്റെ കഥ പുറം ലോകം അറിയുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ കാൻസർ വാർഡിൽ നാളുകളായി നീറി കഴിയുന്ന തന്നെ പൊന്നു പോലെ നോക്കുന്ന ഭാര്യ സ്റ്റെഫിയുടെ കഥ ഭർത്താവ് ലാൽസണാണ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. 'നിസാര കാര്യങ്ങൾക്കു പോലും ഡിവോഴ്സ് പതിവാക്കിയ ദമ്പതികളുടെ നാട്ടിൽ സ്റ്റെഫി പുണ്യമാണ്. എങ്ങനെ എന്റെ സ്‌നേഹം ഇവളെ ഞാൻ അറിയിക്കും' ലാൽസൺ ചോദിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

'ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാൻ എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വർഷമായി തിരുവനന്തപുരം rccയിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാൻ ഈ ഒരു വർഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവൻ ഇന്ന് നിലനിൽക്കുന്നു എങ്കിൽ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്.

എങ്ങനെ എന്റെ സ്‌നേഹം ഇവളെ ഞാൻ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങൾ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടിൽ ഒന്നു പോയിട്ടു വർഷം ഒന്ന് കഴിഞ്ഞു അവൾക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.

വയറിൽ ഇട്ട ട്യൂബിൽ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവൾ തരും എന്നിട്ടെ അവൾ പച്ച വെള്ളം കുടിക്കൂ അതും ഞാൻ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാൻ അടുക്കളയിൽ ഏതെങ്കിലും മൂലയിൽ പോയി ഇരുന്നു അവൾക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാൻ വേണ്ടി മാത്രം കഴിക്കും. അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം.

മാരക രോഗങ്ങൾ വരുമ്പോൾ ഡിവോഴ്‌സ് ചെയ്തു പോകുന്ന ഭാര്യമാർ ഉള്ള നാട്ടിൽ ദൈവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി നിനക്ക് പകരം തരാൻ ഒന്നുമില്ല എന്റെ കൈയിൽ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി' .