ചാലക്കുടി: ചാലക്കുടിയിൽ ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയർ എഞ്ചിനീയറായ സൗമ്യ (33)യുടെ മരണത്തിലാണ് മുൻ അമേരിക്കൻ മലയാളിയായ ഭർത്താവ് പടിഞ്ഞാറെ ചാലക്കുടി മനപ്പടി കണ്ടംകുളത്തിൽ ലൈജോയെ (38) പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് ഇവരുടെ വീട്ടിലെ കിടപ്പുമുറിയിൽ സൗമ്യയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായ ലൈജോയെ ഇന്നലെ നാലരയോടെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് ഡിവൈഎസ്‌പി സി. എസ് ഷാഹുൽ ഹമീദ് അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്‌പി ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം പടിഞ്ഞാറെ ചാലക്കുടിയിലെ വീട്ടിലേക്കു കൊണ്ടുപോയി തെളിവെടുപ്പു നടത്തി. തുടർന്ന് ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും.

ഭാര്യയാണ് ആദ്യം ആക്രമിച്ചതെന്ന മൊഴി ഇന്നലെയും ലൈജോ ആവർത്തിച്ചതായാണ് സൂചന. കിടപ്പുമുറിയിൽ സൗമ്യ കരുതിവച്ചിരുന്ന കത്തി ഉപയോഗിച്ച് തന്റെ കഴുത്തിനു കുത്തിയെന്നും അതേ കത്തി പിടിച്ചുവാങ്ങി കഴുത്തറുക്കുകയായിരുന്നു എന്നുമാണ് ലൈജോ ആവർത്തിക്കുന്നത്. അമേരിക്കയിൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ലൈജോ ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്.

ഭാര്യയും ഭർത്താവും തമ്മിൽ വലിയ സ്വരച്ഛേർച്ചയിലല്ലായിരുന്നു. ലൈജു മദ്യത്തിന് അടിമയാണെന്നുമാണ് പൊലീസ് റിപ്പോർട്ട്. ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം പുറം ലോകം അറിയുന്നത്. എന്നാൽ തേലന്ന് രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.
സംഭവം നടക്കുമ്പോൾ ലൈജുവും സൗമ്യയും എട്ടു വയസ്സുകരനായ ഏക മകൻ ഹാരോണുമാണ് വീട്ടിലുണ്ടായിരുന്നത്.

നേരം വെളുത്തിട്ടും കുട്ടി അച്ഛനേയും അമ്മയേയും വീട്ടിൽ കണ്ടിരുന്നില്ല. ഉച്ച കഴിഞ്ഞിട്ടും കിടപ്പുമുറിയുടെ വാതിൽ തുറക്കാതായതോടെ കുട്ടി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ വയറ്റിൽ കുത്തേറ്റ നിലയിൽ കിടക്കയിലായിരുന്നു സൗമ്യയുടെ മൃതദേഹം. കൈ ഞരമ്പ് മുറിച്ച നിലയിൽ ലൈജുവിനെയും മുറിയിൽ കണ്ടു. ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സൗമ്യ മരണപ്പെട്ടിരുന്നു.

ആളൂർ സ്വദേശിയായ ലൈജുവും കുടുംബവും ഒരു വർഷം മുമ്പാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനടുത്ത് താമസം തുടങ്ങിയത്. ലൈജുവും സൗമ്യയും സോഫ്റ്റ് വെയർ എൻജിനീയർമാരായിരുന്നു. അമേരിക്കയിലായിരുന്ന ലൈജു ഈയിടെയാണ് നാട്ടിൽ വന്ന് കൊരട്ടിയിലെ ഇൻഫോ പാർക്കിൽ ജോലിക്ക് ചേർന്നത്. സൗമ്യ പാലാരിവട്ടത്തെ ഐ.ടി സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. ചാലക്കുടി തച്ചുടപറമ്പിൽ മൽപ്പാൻ ജോസഫിന്റെ മകളാണ്. അയൽവാസികൾക്ക് ഇവരെക്കുറിച്ച് കാര്യമായി അറിയില്ല. ലൈജു മദ്യത്തിനടിമപ്പെട്ടിരുന്നതായും ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ സഹോദരന്റെ വിവാഹത്തിന് പോകുന്നത് സംബന്ധിച്ച് രണ്ടുപേരും വഴക്കിട്ടതായി പറയുന്നു. ലൈജു വിവാഹത്തിൽ സംബന്ധിച്ചിരുന്നില്ല. വ്യാഴാഴ്ച സൗമ്യയുടെ പിറന്നാളായിരുന്നു. അത് ആഘോഷിക്കാനുള്ള ഒരുക്കവും നടന്നിരുന്നു. ഇതിനിടെയാണ് കൊലപാതകം സംഭവിച്ചത്.