ന്യൂഡൽഹി:ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ബജറ്റിൽ കേരളത്തിന് ഗുണകരമായ ഒന്നുമില്ലെന്ന് ഹൈബി ഈഡൻ എംപി. കൊച്ചി മെട്രോയ്ക്കായി വാരിക്കോരി പ്രഖ്യാപിച്ചതായി പറയുന്നതെല്ലാം രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ കേന്ദ്രം കേരളത്തിനായി അടിസ്ഥാന വികസനത്തിന് അനുവദിച്ച തുക സംബന്ധിച്ച് ഇറക്കിയ വാർത്താ കുറപ്പിലാണ് എംപി യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടിയിരിക്കുന്നത്.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണം നടക്കുന്നതിനൊപ്പം രണ്ടാംഘട്ടവും ആരംഭിക്കുകയെന്നതായിരുന്നു രണ്ടാം യു പി എ സർക്കാരിന്റെ കാലത്തെ തീരുമാനം. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആ സമയത്ത് തന്നെ ഡി എം ആർ സിക്ക് വേണ്ടി ഡോ.ഇ ശ്രീധരൻ തയ്യാറാക്കി നൽകിയതുമാണെന്ന് ഹൈബി ചൂണ്ടിക്കാട്ടി. 2019 ഫെബ്രുവരിയിൽ തന്നെ മെട്രോയുടെ രണ്ടാംഘട്ടത്തിന് തത്ത്വത്തിൽ അംഗീകാരമായതാണ്. എന്നാൽ രണ്ട് വർഷക്കാലം ചുവപ്പ് നാടയിൽ കുരുക്കുകയായിരുന്നു. പബ്ലിക് ഇൻവെസ്റ്റേമെന്റ് ബോർഡിന്റെ ക്ലിയറൻസും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും മാത്രമാണ് വേണ്ടിയിരുന്നത്. ഇത് ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് മുന്നിൽ കണ്ട് അനാവശ്യമായി കേന്ദ്രം നീട്ടിവയ്ക്കുകയാണ് ചെയ്തതെന്ന് ഹൈബി കുറ്റപ്പെടുത്തി. ആലുവ മുതൽ നെടുമ്പാശ്ശേരി വരെയുള്ള മൂന്നാംഘട്ടം പ്രഖ്യാപിക്കേണ്ട നേരത്ത് നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ഇല്ലാത്ത സ്വീകാര്യതയുണ്ടാക്കാൻ തിടുക്കം കാട്ടുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.

അതേ സമയം കൊച്ചി മത്സ്യബന്ധന ഹാർബർ വാണിജ്യ കേന്ദ്രമായി ഉയർത്താനുള്ള തീരുമാനം മികച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊച്ചിൻ ഷിപ്പ്യാർഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വൽക്കരിക്കുന്നതിനെ രൂക്ഷമായി എതിർത്തു. കൊച്ചി മെട്രോയും കൊച്ചിൻ ഷിപ്പ്യാർഡും എല്ലാം ഉൾക്കൊള്ളുന്ന എറണാകുളം പാർലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയെന്ന നിലയിൽ കൂടിയാണ് ഹൈബിയുടെ പ്രതികരണം.

കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർത്ഥ്യമാകുന്നതിന് നിരവധി ആളുകൾ ഏറെ ത്യാഗം സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹൈബി ഓർമ്മിപ്പിച്ചു. ഇതുപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇനിയും സ്വകാര്യ നിക്ഷേപം അനുവദിച്ചാൽ അത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരായ ശക്തമായി രംഗത്തുണ്ടാകുമെന്നും ഹൈബി വ്യക്തമാക്കി.