കൊച്ചി: ലക്ഷദ്വീപിലെ പ്രശ്‌നങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഹൈബി ഈഡൻ എംപിയുടെ കത്ത്. ലക്ഷദ്വീപിലെ നിലവിലെ അഡിമിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങൾ ദ്വീപിലെ ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കുന്നു. ദ്വീപ് നിവാസികളുടെ താൽപ്പര്യങ്ങൾക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ചു വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മാത്സ്യബന്ധനം എന്നീ വകുപ്പുകാലിന്മേലുള്ള നിയന്ത്രണം അഡ്‌മിനിസ്‌ട്രേറ്റർ ഏറ്റെടുത്തു. 70000- ഓളം ആളുകൾ അധിവസിക്കുന്ന ദ്വീപിലെ ഭൂരിഭാഗം ആളുകളും ഗവണ്മെന്റ് ജോലികളോ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടോ ആണ് ഉപജീവനം നടത്തുന്നത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റർ നിയമിതനായ ശേഷം ഒട്ടനവധി ആളുകളെ ഗവണ്മെന്റ് കരാർ ജോലികളിൽ നിന്നും ഒഴിവാക്കുകയും തീരദേശ നിയമത്തിന്റെ പേരിൽ മത്സ്യ തൊഴിലാളികളുടെ ഷെഡുകൾ തീരദേശ നിയമത്തിന്റെ പേരിൽ പൊളിക്കുകയും ഉണ്ടായി. രണ്ടിലധികം കുട്ടികൾ ഉള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നതുൾപ്പടെ ഉള്ള പരിഷ്‌കാരങ്ങൾ ജനങ്ങൾക്കിടയിലും രാഷ്ട്രീയ പാർട്ടികൾക്കിടയിലും പ്രധിഷേധം ഉളവാക്കുന്നു. വളരെ ക്രൈം റേറ്റ് കുറഞ്ഞ ദ്വീപ് പ്രദേശത്തു ആന്റി ഗുണ്ടാ നിയമങ്ങൾ പോലുള്ള കരി നിയമങ്ങൾ നടപ്പിലാക്കുന്നത് വ്യാപകമായി ദുരപയോഗം ചെയ്യപ്പെടും എന്നതിന്റെ ആശങ്ക ജനങ്ങളിലുണ്ട്.

നാളിതുവരെ ബേപ്പൂർ തുറമുഖവുമായി ഉണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ അവസാനിപ്പിച്ചുകൊണ്ട് എല്ലാ ചരക്കുകളും മംഗലാപുരം വഴി ആക്കണം എന്നതടക്കം ടൂറിസത്തിന്റെ പേരിൽ മദ്യവില്പന ശാലകൾ അനുവദിക്കുന്നതും ബീഫ് നിരോധനം ഏർപ്പെടുത്തുന്നതും അംഗൻവാടി കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും മാംസ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതുമെല്ലാം ദ്വീപ് നിവാസികളുടെ താൽപ്പര്യങ്ങൾക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണെന്നും ഈ വിഷയങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു