- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹൈദരാബാദ് കൂട്ടബലാത്സംഗം: തെലങ്കാനയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണം; ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക സമരം; ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടി ഗവർണർ
ഹൈദരബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. തെലങ്കാനയിൽ പ്രതിഷേധം കടുക്കുന്നു. പ്രതികൾ ഉന്നത നേതാക്കളുടെ മക്കളും ബന്ധുക്കളുമാണെന്നും അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പൊലീസ് ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം അരങ്ങേറുകയാണ്.
ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ മറച്ചുവച്ച് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എന്നാൽ പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് ആവർത്തിക്കുന്നത്.
അട്ടിമറി നീക്കമെന്ന ആരോപണം ഉയർന്നതിന് പിന്നാലെ കേസിൽ തെലങ്കാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ റിപ്പോർട്ട് തേടി. പൊലീസ് അനാസ്ഥയുണ്ടായെന്ന ആരോപണം ശക്തമായതോടെയാണ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയത്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ബാലാവകാശ കമ്മീഷനും സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിൽ ഇന്ന് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ കൂടി അറസ്റ്റിലായി. പ്ലസ് വൺ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. നിലവിൽ നാല് പേരാണ് ഹൈദരാബാദ് ബലാത്സംഗ കേസിൽ അറസ്റ്റിലായത്. പ്രതികളെല്ലാം പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ്. പ്രതിയെന്ന സംശയിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പ്രതികളെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കും. പിടിയിലാകാനുള്ള ഒരു പ്രതി ഒളിവിലാണെന്നാണ് സൂചന.
മെയ് 28 ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. 17 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പബ്ബിൽ ബെർത്ത്‌ഡേ പാർട്ടിക്ക് എത്തിയതായിരുന്നു പെൺകുട്ടി. അവിടെവച്ച് പ്രായപൂർത്തിയാകാത്ത ഒരു കൂട്ടം പേർ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞു കാറിൽ കയറ്റി. ആദ്യം അവർ ഒരു ബേക്കറിയിലേക്കാണ് പോയത്, അവിടെനിന്നും കുറച്ച് സ്‌നാക്‌സ് വാങ്ങി. അതിനുശേഷം, പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കാറിനുള്ളിൽവച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ പബ്ബിൽ തിരികെ എത്തിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്.
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ബെൻസ് കാറിൽ ജൂബിലി ഹിൽസിൽ കൊണ്ടുവന്ന് മറ്റൊരു ഇന്നോവ കാറിൽ വച്ചാണ് പീഡിപ്പിച്ചത്. ഈ വെളുത്ത ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി പാർട്ടിക്കെത്തിയ പബ്ബിൽ പൊലീസ് പരിശോധന നടത്തി. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിളമ്പിയതിൽ പബ്ബിനെതിരെ കേസെടുത്തു. വഖഫ് ബോർഡ് അംഗമായ മുതിർന്ന ടിആർഎസ് നേതാവിന്റെ മകൻ, ഒരു ടിആർഎസ് എംഎൽഎയുടെ മകൻ, എഐഎംഐഎം നേതാവിന്റെ മകനുമാണ് അറസ്റ്റിലായതെന്ന ആരോപണം ശക്തമാണ്.
എന്നാൽ പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പൊലീസ്. തെലങ്കാന ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകനും കേസിൽ പങ്കുണ്ടെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു. എഐഎംഐഎം നേതാവിന്റെ മകന്റേത് എന്ന പേരിലുള്ള ചിത്രം കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടും ഒന്നര ദിവസം കഴിഞ്ഞാണ് പോക്‌സോ വകുപ്പിൽ കേസെടുത്തത്.
ൃ
തേസമയം, തങ്ങളുടെ സമ്മതത്തോടെയാണ് പെൺകുട്ടി പാർട്ടിക്ക് പോയതെന്ന് അച്ഛൻ പറഞ്ഞു. പീഡന വിവരം പെൺകുട്ടി ആദ്യം മാതാപിതാക്കളോട് പറഞ്ഞില്ല. കയ്യിലെ മുറിവുകൾ വീഴ്ചയിൽ സംഭവിച്ചതെന്നാണ് പറഞ്ഞത്. എന്നാൽ ശരീര ഭാഗങ്ങളിലെ മറ്റു മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പുറത്തുവന്നത്.




