മലപ്പുറം: മുത്തലാഖ് ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് അതിൽ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തിനായി മുങ്ങിയ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നടപടി എടുക്കാൻ ലീഗ് നേതൃത്വത്തിന് മേൽ സമ്മർദ്ദമേറുന്നു. കുഞ്ഞാലിക്കുട്ടി വിഷയം നിസ്സാരമല്ലെനന്ന സൂചനയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഹാജരാകാത്തതിനെ സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്യുമെന്നാണ് പാർട്ടി അധ്യക്ഷന്റെ നിലപാട്. ഇതിനായി പാർട്ടി ഉടൻ യോഗം വിളിക്കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

തിങ്കളാഴ്ച രാജ്യസഭയിൽ മുത്തലാഖ് ബിൽ വരുമ്പോൾ അത് പരാജയപ്പെടുത്താൻ യുപിഎ കക്ഷികളുമായും മറ്റു കക്ഷികളുമായും സഹകരണമുണ്ടാക്കാൻ വേണ്ട നടപടികൾ ചെയ്യണമെന്നും മുസ്ലിം ലീഗ് എംപിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. രാജ്യസഭയിൽ ബിൽ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിൽ ലോക്സഭയിൽ വന്ന ദിവസം ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തിൽ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നതായും ഹൈദരലി തങ്ങൾ വ്യക്തമാക്കി.

അതേ സമയം സമസ്തയടക്കമുള്ള സംഘടനകൾ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാക്കൾ ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങൾ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് താൻ മറുപടി നൽകിയിട്ടുണ്ടെന്ന് കഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയുമായി സംഭവത്തിന് ശേഷം നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് ഹൈദരലി തങ്ങൾ ഇന്ന് പറഞ്ഞത്. ഇത് രണ്ടും ചേർന്നു പോകുന്ന പ്രസ്താവനയല്ല. അതുകൊണ്ട് തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് ലീഗിൻ ഭിന്നതയുണ്ടെന്ന കാര്യം വ്യക്തമാണ്.

പാർലിമെന്റ് യോഗത്തിൽ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി പോയത് മലപ്പുറത്തെ ബിസിനസ് പാർട്‌നറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് വലിയ തോതിൽ പടർന്നുപന്തലിച്ചിരുന്നത് വിദേശത്താണ്. ബിനാമി ഇടപാടാണെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നുമുണ്ട്. ഖത്തറിലുള്ള പ്രവാസി കുലത്തിലെ ബിസിനസ് അധിപന്റ കുടുബത്തിലെ കല്യാണ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു കുഞ്ഞാലിക്കുട്ടി പാർലിമെന്റ് കട്ടാക്കിയത്.

ഖത്തറിലെ അയേൺ ഫാക്റ്ററി ഉടമകളായ സീഷോർ മുഹമ്മദലി, എ.പി.ആസാദ് എന്നിവരോടൊപ്പമുള്ളതാണ് കുഞ്ഞാലിക്കുട്ടിയുടെ ഇരുമ്പ് കച്ചവടം. കുഞ്ഞാലിക്കുട്ടിയുടെ മകൻ അടക്കം ഈ ബിസിനസിൽ സജീവമാണ്. അയേൺ ഫാക്ടറി ഉടമകളുമായുള്ള ബന്ധം ചെറുതല്ലാത്തതു കൊണ്ടാണ് കുഞ്ഞാലിക്കുട്ടി നിർണായകമായ സമയത്ത് പാർലമെന്റിൽ നിന്നും മുങ്ങിയത്. സീഷോർ മുഹമ്മദലി, എ.പി.ആസാദും അടങ്ങുന്ന അയേൺ ഫാക്ടറിയുടെ വിജയം ഖത്തറിൽ പ്രവാസി കൂട്ടം എന്നും എടുത്തു പറയുന്നതാണ്. ഈ ബിസനസ് പാർട്ണർമാരിൽ ഒരാളായ എ.പി.ആസാദിന്റെ ജേഷ്ഠന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി മുത്തലാഖിനെ തൽക്കാലം തലാഖ് ചൊല്ലിയത്.

മലപ്പുറത്തെ കല്യാണ വീട്ടിൽ സക്രിയ സാന്നിധ്യമായി നടത്തിപ്പു കാരനായിരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിക്കുട്ടി മാത്രമല്ല, ഈ ആഡംബര കല്യാണത്തിൽ പങ്കെടുത്തത്. ഇടത്തും വലത്തുമുള്ള പ്രമുഖ രാഷ്ട്രീയക്കാർ അടക്കം പങ്കെടുത്തു. കൂടാതെ എം എ യൂസഫലി, ആസാദ് മൂപ്പൻ തുടങ്ങിയ വൻ വ്യവസായികളും ചടങ്ങിന് എത്തിയിരുന്നു. ലീഗിന്റെ പല തീരുമാനങ്ങളിലും ഈ ബിസിനസ് പാർട്ണർമാരുടെ പങ്ക് ഏറെ ചർച്ചയാകാറുണ്ട്. ചില തീരുമാനങ്ങൾ പലപ്പോഴും ബിസിനസ് അധിപന്മാർ തങ്ങളുടെ സുഹൃത്തുക്കളോട് മുൻകൂട്ടി പറയാറുണ്ടെന്ന് അടുത്ത ലീഗ് നേതാക്കൾ വിശദീകരിക്കുന്നു.

എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ ചങ്ക് ബ്രോസ് ആണ് വ്യവസായികൾ എന്നറിയാവുന്ന ലീഗ് നേതാക്കളാലും കുഞ്ഞാലിക്കുട്ടിയെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ, സമസ്ത നേതാക്കൾ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. സമസ്തയുടെ കോഴിക്കോട് സമ്മേളനത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനത്തിലെ അതൃപ്തി മൂന്ന് മാസം മുമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത നേതാക്കളും പരസ്യമാക്കിയിരുന്നു. സമസ്ത നേതാക്കൾ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയാണ് ശക്തമായ വിമർശനം അഴിച്ചുവിട്ടത്. പാണക്കാട് സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ നടന്ന വിമർശനത്തെ അംഗീകരിക്കുന്ന തരത്തിലാണ് സംസാരിച്ചാണ്.

ലീഗിന്റെ പഴയ കാല പാർലിമെന്റ് അംഗങ്ങൾ സമുദായ വിഷയം അവതരിപ്പിക്കുന്നതിൽ കാണിച്ച ജാഗ്രത എടുത്ത് പറഞ്ഞായിരുന്നു കുഞ്ഞാലിക്കുട്ടിയെ തോണ്ടിയത്. എന്നാൽ വിമർശനത്തിൽ യാതൊരു വിധ മറുപടിയും നൽകാതെ അവഗണിക്കുന്ന ശൈലിയാണ് കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്. മുത്തലാഖ് ബില്ലും കുഞ്ഞാലിക്കുട്ടിയുടെ ആബ്‌സന്റും സമസ്തയും പാണക്കാട് കുടുംബവും എങ്ങനെ പ്രതികരിക്കുമെന്നാണ് ലീഗ് നേതാക്കൾ ഉറ്റുനോക്കുന്നത്. മുത്തലാഖ് ബില്ല് പാർലിമെന്റിൽ പാസായ ഘട്ടത്തിൽ തന്നെ ലീഗ് അണികൾ പൂർണമായും പി.കെ.കുഞ്ഞാലിക്കുട്ടിയെ തലാഖ് ചെല്ലുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുത്തലാഖ് ബില്ല് പാസായ വേദനയിൽ എരിപൊരി കൊള്ളുന്ന ലീഗ് അണികൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ പ്രതിഷേധ സ്വരമാണ് വിവിധ ഇടങ്ങളിൽ ഉയർത്തുന്നത്.