ബെയ്ജിങ്: ഇന്ത്യയ്ക്കു ഭീഷണിയായി ചൈനയുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ. കിറുകൃത്യതയോടെ ലക്ഷ്യം ഭേദിച്ച് ശത്രുസംഹാരം നടത്താൻ കെൽപ്പുള്ളതാണ് ചൈനയുടെ പുതിയ ആശില്ലാ മിസൈലുകൾ. ഇന്ത്യയുടെയും ചൈനയുടെയും മാത്രമല്ല അമേരിക്കയുടെ വരെ സൈനിക ലക്ഷ്യങ്ങൾ ഭേദിക്കാൻ ഇവയ്ക്കു കഴിയുമെന്നാണ് സൗത്ത് ചൈന മോർണിങ് പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

ചൈനീസ് സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന ഡിഎഫ് 17 എന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിന്റെ (എച്ച്ജിവി) രണ്ടു പരീക്ഷണങ്ങൾ ചൈന കഴിഞ്ഞവർഷം അവസാനം നടത്തിയെന്നു ടോക്കിയോ ആസ്ഥാനമായ ദി ഡിപ്ലോമാറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു സൗത്ത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടും പുറത്തുവന്നത്.

യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചൈനീസ് സൈന്യത്തിന്റെ റോക്കറ്റ് ഫോഴ്‌സ് നവംബർ മാസത്തിൽ രണ്ടു പരീക്ഷണങ്ങൾ നടത്തിയതായി ദി ഡിപ്ലോമാറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു പരീക്ഷണം നവംബർ ഒന്നിനും രണ്ടാമത്തേതു രണ്ടാഴ്ചകൾക്കുശേഷവുമായിരുന്നു. രണ്ടു പരീക്ഷണങ്ങളും വിജയിച്ചു. 2020ൽ ആണ് ഇത് ചൈനീസ് സൈന്യത്തിന്റെ ഭാഗമാകുക.

ആളില്ലാതെ വിക്ഷേപിക്കാൻ കഴിയുന്ന ഇവ ഭൂമിയുടെ ഉപരിതലത്തിലൂടെ ഉയർന്ന വേഗതയിൽ വളരെയെളുപ്പം പറന്നു പോവും. അതിനാൽ തന്നെ ഇവയെ ട്രാക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്. ഇവയ്ക്ക് ഉയർന്ന വേഗത്തിൽ വളരെയധികം സഞ്ചരിക്കാനാകും. ചെറിയ ഉയരത്തിൽ പറക്കാനാകുന്ന ഇവയെ ട്രാക്ക് ചെയ്യാനും പ്രയാസമാണ്.

ഇക്കാരണത്താൽ മറ്റുള്ള രാജ്യങ്ങൾക്കു ശത്രുവിനെ മനസ്സിലാക്കി പ്രതിരോധിക്കാൻ കുറഞ്ഞ സമയമേ ലഭിക്കൂ. ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളെ അപേക്ഷിച്ച് എച്ച്ജിവി ആയുധങ്ങൾക്ക് ഇത്തരം പ്രത്യേകതകളാണുള്ളതെന്നും യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ഈ പരീക്ഷണങ്ങളെ കുറിച്ചോ മിസൈലുകളെ കുറിച്ചോ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈവാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ പ്രതിരോധ മന്ത്രാലയത്തിനോട് ചോദിക്കൂ എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങിന്റെ മറുപടി. റിപ്പോർട്ടുകൾ അനുസരിച്ച് ഡിഎഫ് 17 മിസൈലുകൾ വിക്ഷേപിച്ചത് ഇന്നർ മംഗോളിയയിലെ ജിയുഖ്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്നാണെന്നാണ് അറിയുന്നത്. പരീക്ഷണ വിക്ഷേപണത്തിൽ 1,400 കിലോമീറ്ററോളം മിസൈൽ പറന്നുവെന്നു ദി ഡിപ്ലോമാറ്റ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, രാജ്യത്തെ എച്ച്ജിവി സാങ്കേതികവിദ്യയെക്കുറിച്ചു ചൈനീസ് മാധ്യമങ്ങൾ ഒക്ടോബറിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈന, റഷ്യ, യുഎസ് എന്നീ ആണവശക്തികളുടെ ആണവ തന്ത്രങ്ങളുടെ ഭാഗമായി എച്ച്ജിവി സാങ്കേതികവിദ്യ മാറിയിട്ടുണ്ടെന്നും ബെയ്ജിങ്ങിൽനിന്നുള്ള സൈനിക വിദഗ്ധൻ ഴോ ചെന്മിങ് പറഞ്ഞു.

സാധാരണ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് എച്ച്ജിവി കൂടുതൽ സങ്കീർണമാണ്. അവയെ ഭേദിക്കുന്നത് അതീവ ബുദ്ധിമുട്ടു നിറഞ്ഞതുമാണ്. ജപ്പാന്റെ സൈനിക താവളങ്ങളും ഇന്ത്യയുടെ ആണവനിലയങ്ങളും വരെ ചൈന ലക്ഷ്യമിട്ടേക്കാം, ഴോ സൗത്ത് ചൈന മോർണിങ് പോസ്റ്റിൽ എഴുതി.