തിരുവനന്തപുരം: ഒഡീഷ സ്വദേശിയായ ലോക്‌നാഥ് ബഹ്‌റ 1987 ലാണ് കേരളത്തിലെത്തുന്നത്. ഐപിഎസ് കിട്ടിയ അദ്ദേഹം കേരള കേഡർ തെരഞ്ഞെടുത്ത് എഎസ്‌പി ട്രെയിനായിട്ടാണ് എത്തിയത്. കേരള പൊലീസിനെ നയിക്കുന്ന ബഹ്‌റ മലയാള ചലച്ചിത്രങ്ങളുടെ കടുത്ത ആരാധകൻ കൂടിയാണ്. തന്റെ പ്രിയ താരം ആരെന്നുകൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ഡിജിപി ബഹ്‌റ. മറ്റാരുമല്ല നമ്മുടെ സ്വന്തം ലാലേട്ടൻ തന്നെയാണ് ബഹ്‌റയുടെ ആരാധനാപാത്രം.

ഹോളിവുഡിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന വൺ ഫ്‌ളൂ ഓവർ കുക്കൂസ് നെസ്റ്റിനെ മലയാളത്തിലേക്കു പകർത്തി പ്രിയദർശൻ ഒരുക്കിയ താളവട്ടമാണ് കേരളത്തിലെത്തിയ ശേഷം ബഹ്‌റ കണ്ട ആദ്യ ലാൽ ചിത്രം. അന്നു മുതൽ ഇങ്ങോട്ട് ലാലിന്റെ കടുത്ത ആരാധകനാണെന്നാണ് ബഹ്‌റ വെളിപ്പെടുത്തിയത്.

സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാപദ്ധതിയായ ശുഭയാത്രയുടെ ചടങ്ങിനിടെയാണ് ബഹ്റ ഇക്കാര്യം പറഞ്ഞത്. 'ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് ഞാൻ. എഎസ്‌പി ട്രെയിനിയായി 1987 ലാണ് ഞാനാദ്യമായി കേരളത്തിലെത്തുന്നത്. അന്ന് ഇവിടെവച്ച് ഞാനാദ്യം കണ്ട ചിത്രം ലാലിന്റെ താളവട്ടമാണ്. ആ പടം എനിക്ക് ഭയങ്കര ഇഷ്ടമായി. അന്ന് മുതൽ തുടങ്ങിയതാണ് അതിലെ നായകനോടുള്ള എന്റെ ആരാധന. അത് ഇന്നും തുടരുന്നു. അദ്ദേഹം അടുത്തിടെ അഭിനയിച്ച പുലിമുരുകനും കണ്ടു. എന്നെക്കാളും അത് ഇഷ്ടപ്പെട്ടത് എന്റെ മകനാണ്.' ലോക്നാഥ് ബെഹ്റ പറഞ്ഞു.

ശുഭയാത്രയുടെ അംബാസിഡറാണ് മോഹൻലാൽ. റോഡപകടത്തിൽപ്പെടുന്ന ആളുകളെ രക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ സന്നദ്ധ സേവകരെ അണിനിരത്തിയ പദ്ധതിയാണ് സോഫ്റ്റ്. ഈ ചടങ്ങിനിടെയാണ് ബഹ്റ മോഹൻലാൽ ആരാധന തുറന്നുപറഞ്ഞത്.

ലോക്‌നാഥ് ബഹ്‌റ ആദ്യമായി ഒരു സിനിമയുടെ ചിത്രീകരണം നേരിൽ കണ്ടതും മോഹൻലാലിന്റെ വിയറ്റ്‌നാം കോളനി സെറ്റിൽവച്ചായിരുന്നു. സിദ്ദിഖ്- ലാൽ ജോഡിമാരുമായി നല്ല ബന്ധവും കേരള ഡിജിപി പുലർത്തുന്നു. അടുത്തിടെ സിദ്ദിഖിന്റെ ഫുക്രി എന്ന സിനിമയ്ക്ക് ഫസ്റ്റ് ക്ലാപ്പ് അടിച്ച് തുടക്കമിട്ടതും ബഹ്റയായിരുന്നു.