ന്യൂഡൽഹി: ബീഫ് കഴിക്കാൻ ആഗ്രഹമുള്ളവർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയെ തള്ളി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തി. അത്തരമൊരഭിപ്രായം തനിക്കില്ലെന്നും നഖ്‌വിയുടെ പ്രസ്താവന ശരിയല്ലെന്നും അരുൺ ജയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ നഖ്‌വിയുടെ വിവാദ പ്രസ്താവന.

നഖ്വിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ എതിർപ്പുയർത്തി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവും രംഗത്തെത്തി. വഖ്വിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകുന്ന ഫേസ്‌ബുക്ക് സ്റ്റാറ്റസുമായാണ് ജസ്റ്റിസ് കട്ജു രംഗത്തെത്തിയത്. 'ഞാനൊരു ഹിന്ദുവാണ്, ഞാൻ ബീഫ് കഴിക്കാറുമുണ്ട്, ഇനിയും കഴിക്കുമെന്നും പറഞ്ഞുകൊണ്ടാണ് കട്ജു നഖ്വിയെ വെല്ലുവിളിച്ചിരിക്കുന്നത്. ബീഫ് കഴിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. ലോകത്തിലെ 90 ശതമാനം ആളുകളും ബീഫ് കഴിക്കുന്നവരാണ്. അവരെല്ലാം പാപം ചെയ്യുന്നവരാണോസ, അതോ പശുവിന് മാത്രം എന്തെങ്കിലും ദിവ്യത്വം ഉണ്ടെയെന്നം കട്ജു ചോദിച്ചു.

പശു മാതാവാണെന്ന സംഘപരിവാർ വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. എങ്ങനെയാണ് ഒരു മൃഗത്തിന് ഒരു മനുഷ്യന്റെ അമ്മയാകാൻ കഴിയുക? മിസ്റ്റർ. അതുകൊണ്ടാണ് മുഖ്താർ അബ്ബാസ് നഖ്‌വി അടക്കം 90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് താൻ പറയുന്നതെന്നം കട്ജു ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ബീഫ് കഴിച്ചില്ലെങ്കിൽ മരിച്ചുപോകുമെന്ന് കരുതുന്നവർക്ക് പാക്കിസ്ഥാനിലേക്കോ മറ്റ് അറബ് രാജ്യങ്ങളിലേക്കോ ബീഫ് ലഭിക്കുന്ന ലോകത്തെ മറ്റിടങ്ങളിലേക്കോ പോകാമെന്നായിരുന്നും നഖ് വിയുടെ വിവാദ പരാമർശം. ബീഫ് നിരോധനം ലാഭത്തിന്റേയും നഷ്ടത്തിന്റേയും പ്രശ്‌നമില്ല. അത് വിശ്വാസത്തിന്റെ കാര്യമാണ്, ഹിന്ദുക്കളെ ബാധിക്കുന്ന കാര്യമാണെന്നും ആജ് തക് ചാനൽ പരിപാടിയിൽ സംസാരിക്കവെ നഖ്‌വി പറഞ്ഞു.

നഖ്‌വിയുടെ വിവാദ പരാമർശത്തെ അപലപിച്ച് എഐഎംഐഎം പ്രസിഡണ്ട് അസറുദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ഗോവ, ജമ്മു കാശ്മീർ, കേരളം തുടങ്ങി ബീഫ് കൂടുതൽ കഴിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇന്ത്യയൊട്ടാകെ ബീഫ് നിരോധനം കൊണ്ടുവരുമോ എന്നും ഒവൈസി ചോദിച്ചു.