- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വന്ന് വിളിച്ചാലും ബിജെപിയിലേക്കില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ; യഥാർഥവിശ്വാസിക്ക് വിശ്വാസത്തെ ചതിക്കാനാവില്ലെന്നും കോഴിക്കോട് നോർത്തിലെ ഇടത് സ്ഥാനാർത്ഥി
കോഴിക്കോട്: മോദി വന്ന് വിളിച്ചാലും ബിജെപിയിലേക്കില്ലെന്ന് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. താൻ യഥാർഥവിശ്വാസിയാണെന്നും താൻ ഒരിക്കലും മറുകണ്ടം ചാടില്ലെന്നും അദ്ദേഹം കോഴിക്കോട് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വ്യക്തമാക്കി. ജയിച്ച് കഴിഞ്ഞാൽ താൻ മറുകണ്ടം ചാടും എന്നൊരു പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി തോട്ടത്തിൽ രവീന്ദ്രൻ ബിജെപിയിൽ ചേർന്നേക്കുമെന്ന് പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതികരണവുമായി തോട്ടത്തിൽ രവീന്ദ്രൻ രംഗത്ത് എത്തിയത്. യഥാർഥവിശ്വാസിക്ക് വിശ്വാസത്തെ ചതിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനല്ല, സാക്ഷാൽ മോദി വന്നുവിളിച്ചാലും കൂറുമാറുന്ന പ്രശ്‌നമില്ലെന്നും അത്തരം പ്രലോഭനങ്ങളിൽ വീണുപോകുന്ന ആളല്ല താനെന്നും തന്നെ അറിയാവുന്നവർക്കെല്ലാം അറിയാമെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. താൻ കഴിഞ്ഞ 50 വർഷമായി സിപിഐ.എമ്മിലുണ്ട്. പല പ്രധാനപ്പെട്ട ചുമതലകളും പാർട്ടി തന്നെ ഏൽപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്ഥാനാർത്ഥിയാക്കിയതുകൊണ്ടാണ് ജയിച്ചാൽ കൂറുമാറുമെന്ന് പ്രചരിപ്പിക്കുന്നത്. സ്ഥാനാർത്ഥിത്വം കിട്ടിയിരുന്നില്ലെങ്കിൽ അതുകൊണ്ട് കൂറുമാറും എന്നായേനേ പ്രചാരണം എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നെന്നും പാർട്ടിയിൽ ചേരാൻ അഭ്യർത്ഥിച്ചിരുന്നെന്നും തോട്ടത്തിൽ രവീന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിജെപിയുമായി യോജിക്കാനാവില്ലെന്ന് കെ.സുരേന്ദ്രനെ അറിയിച്ചെന്നും . താൻ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. വിശ്വാസികൾക്ക് പാർട്ടിയിൽ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് രവീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ, തോട്ടത്തിൽ രവീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുക മാത്രമാണ് ചെയ്തതെന്നും പാർട്ടിയിലേക്കു ക്ഷണിച്ചില്ലെന്നുമായിരുന്നു സുരേന്ദ്രൻ വ്യക്തമാക്കിയത്. രണ്ടുമാസം മുൻപാണു തോട്ടത്തിൽ രവീന്ദ്രനുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. തോട്ടത്തിൽ രവീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നിൽ സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നുമാണു സുരേന്ദ്രന്റെ വാദം. അദ്ദേഹത്തെ കണ്ടിരുന്നു, അങ്ങനെ എത്രയോ പേരെ കാണുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. 2000 മുതൽ 2005 വരെ ഇദ്ദേഹം മേയറായിരുന്നു. 2016ൽ വി.കെ.സി. മമ്മദ് കോയ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വീണ്ടും മേയർ പദവി തേടിയെത്തി. ഇപ്പോൾ നിയമസഭയിലേക്ക് മത്സരിക്കാനും സിപിഎം രവീന്ദ്രനെ നിയോഗിച്ചിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ