തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ലെന്ന് സൂചനകൾ നൽകി ലക്ഷ്മി നായർ. അക്കാദമി ഡയറക്ടറായ അച്ഛൻ പറഞ്ഞാൽ മാത്രം മാറിനിൽക്കാമെന്നും പ്രിൻസിപ്പലായത് ഔദാര്യത്തിലല്ലെന്നും അവർ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്ന് പറയാൻ സർക്കാരിന് അധികാരമില്ല. നടപടി വന്നാൽ നിയമപരമായി നേരിടുമെന്നും ലക്ഷ്മി നായർ പറയുന്നു. ഉടൻ പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതോടെ കഴിഞ്ഞ 17 ദിവസമായി സമരം നടക്കുന്ന ലോ അക്കാഡമിയിലെ വിദ്യാർത്ഥികളും ആശങ്കയിലായി.

ഇപ്പോൾ ഉണ്ടായ വിവാദങ്ങളിലും സമരക്കാർ ഉന്നയിച്ച വിഷയങ്ങളിലും അന്വേഷണം നടത്തിയ ഉപസമിതിയുടെ റിപ്പോർട്ട് എതിരായാലും രാജിയുണ്ടാവില്ലെന്ന് ലക്ഷമിനായർ വ്യക്തമാക്കുകയാണിപ്പോൾ. തന്നെ നീക്കാൻ ശ്രമമുണ്ടായാൽ അതിനെ കോടതിയിൽ പോയി നേരിടുമെന്നും നേരെ മറിച്ച് അച്ഛൻ ആവശ്യപ്പെട്ടാൽ മാത്രം മാറിനിൽക്കാമെന്നും താൽക്കാലിക പ്രശ്‌നപരിഹാരത്തിനായി മാത്രമെന്ന നിലയിൽ അതിനെ കണ്ടാൽ മതിയെന്നുമാണ് ലക്ഷ്മിനായർ നിലപാട് വ്യക്തമാക്കുന്നത്.

ഞാൻ ചെയ്യുന്നതിൽ സത്യമുണ്ടെന്ന് എനിക്കറിയാം. എന്റെ ശത്രുക്കൾ എന്നെ എത്ര തേജോവധം ചെയ്യാൻ ശ്രമിച്ചാലും അതിന് വഴങ്ങുന്ന പ്രശ്‌നമില്ല. എന്നെ അതൊന്നും ബാധിക്കില്ല. കാരണം ഞാൻ നന്മയിൽ വിശ്വസിക്കുന്നു. ഞാൻ ചെയ്യുന്നതിൽ സത്യമുണ്ടെന്ന് എന്റെ വീട്ടുകാർക്കും എല്ലാവർക്കുമറിയാം.

അച്ഛൻ എന്തു പറയുന്നുവോ അത് ഞാൻ ചെയ്യും. അതിനപ്പുറത്തേക്ക് എനിക്കൊരു വാക്കില്ല. എനിക്ക് മാനസിക ശക്തി നല്ലവണ്ണമുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള സമരംകൊണ്ട് കീഴടക്കാമെന്ന് കരുതേണ്ട-തന്റെ നിലപാട് വ്യക്തമാക്കി ലക്ഷ്മി നായർ പറയുന്നു.

സമരത്തിന് പിന്നിൽ സ്ഥാപിത താൽപര്യമാണുള്ളതെന്നും ലക്ഷ്മി നായർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഒരു വിഭാഗത്തിന്റെ മാത്രം താൽപര്യമാണ് ഇപ്പോൾ സമരമായി മാറിയിട്ടുള്ളത്. ചില അച്ചടക്ക രീതികൾ കോളേജിൽ നടപ്പാക്കി. അതിൽ ഏറ്റവും പ്രധാനം വൈകുന്നേരം കളിസ്ഥലത്ത് പെൺകുട്ടികൾക്ക് നടക്കാൻ പോകണമെന്ന് പറഞ്ഞു. അത് വിലക്കി. ഇത്തരത്തിൽ ചില അച്ചടക്ക രീതികൾ നടപ്പാക്കിയതാണ് ചിലർക്ക് ഇഷ്ടക്കേടായതും സമരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതും. അങ്ങനെയാണ് പ്രകോപനത്തിലേക്ക് നീങ്ങുന്നത്. ചെറിയൊരു വിഭാഗം വിദ്യാർത്ഥികൾ ഒഴിച്ച് ബാക്കി ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും തന്നോടൊപ്പമാണെന്നും ലക്ഷ്മി നായർ അഭിമുഖത്തിൽ പറയുന്നുണ്ട്.

അതിനാൽ ഒരു കാരണവശാലും സ്ഥാനമൊഴിയില്ലെന്നു തന്നെയാണ് ലക്ഷ്മി നായർ നൽകുന്ന സൂചനകൾ. തന്റെ അച്ഛൻ കൂടിയായ എൻ നാരായണൻ നായരാണ് ഡയറക്ടറെന്നും അദ്ദേഹം പറഞ്ഞാൽ അത് അവസാനവാക്കായി പരിഗണിക്കുമെന്നും പ്രശ്‌നം പരിഹരിക്കാൻ ഒന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നുമാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ സർവകലാശാലയോ സർക്കാരോ പ്രിൻസിപ്പൽ സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടാൽ അതിന് തയ്യാറാവില്ലെന്നും അങ്ങനെ വന്നാൽ നിയമംമൂലം നേരിടുമെന്നുമാണ് അവർ വെളിപ്പെടുത്തുന്നത്.

അതേസമയം, ലക്ഷ്മിനായർ നിലപാട് വ്യക്തമാക്കിയതോടെ സമരത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ലോ അക്കാഡമി ഉടൻ തുറന്നുപ്രവർത്തിച്ചു തുടങ്ങില്ലേയെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും. ഉടൻ നടക്കുന്ന പരീക്ഷകളേയും അക്കാഡമിയിൽ ഇപ്പോഴുണ്ടായ സംഭവങ്ങൾ ബാധിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അടുത്ത് നടക്കാനുള്ള ഒമ്പതാം സെമസ്റ്റർ പരീക്ഷകളുടെ നോട്ടിഫിക്കേഷൻ വന്നുകഴിഞ്ഞു.

ഈ ദിവസങ്ങളിൽ ഇന്റേണൽ പൂർത്തിയാക്കി അറ്റൻഡൻസ് റിപ്പോർട്ട് സഹിതം വേണം ഇതിന് അപേക്ഷ നൽകാൻ. സമരം തുടർന്നാൽ ഇത്തരത്തിൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന കാര്യങ്ങളെല്ലാം അവതാളത്തിലാകും. സമര ദിവസങ്ങളിലെ അറ്റൻഡൻസ് ഇല്ലാതാകുന്നതും വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രശ്‌നമാകാൻ സാധ്യതയുണ്ട്. അതിനാൽതന്നെ സമരം തുടരുന്നത് പരീക്ഷയേ ബാധിക്കുന്ന സാഹചര്യമാണുള്ളത്.

അതേസമയം, ലോ അക്കാദമിയുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവമുള്ളതാണന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തലും പുറത്തുവന്നിരുന്നു. ഇന്റേണൽ മാർക്കിനെക്കുറിച്ചുള്ള പരാതികളിൽ കഴമ്പുണ്ടെന്ന് ഉപസമിതി വ്യക്തമാക്കി. ഹാജർ പരിശോധനയിലും ഉപസമിതി പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.

അതിനിടെ ലോ അക്കാദമിയുടെ അംഗീകാരം സംബന്ധിച്ച് രേഖകൾ കൈവശമില്ലെന്ന് കേരള സർവകലാശാല അധികൃതർ വ്യക്തമാക്കി. അക്കാദമിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചും കൃത്യമായ വിവരങ്ങളില്ലെന്നാണ് റിപ്പോർട്ടുകൾ. വിവരാവാകശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അക്കാദമി അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പരിശോധന നടത്തി അധികമുള്ള ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്നും, കഴിഞ്ഞ ദിവസം വിദ്യാർത്ഥി സമരത്തിന് ഐക്യാർഢ്യവുമായെത്തിയ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.

വിവാദം കത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. കൈരളി ടിവിയിലെ സെലിബ്രട്ടി ഷെഫായ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ സർക്കാർ കൈവിടില്ലെന്ന സൂചനയായി പലരും ഇതിനെ വിലയിരുത്തുകയും ചെയ്തു. ഇതിനിടെയാണ് വിവാദത്തിൽ വിഎസിന്റെ ഇടപെടൽ എത്തുന്നത്. ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു.

പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യം വിദ്യാർത്ഥികൾ ചർച്ചയിൽ ഉന്നയിച്ചെങ്കിലും സർവ്വകലാശാലയുടെ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് നടപടിയെടുക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചതോടെയാണ് ചർച്ച പൊളിഞ്ഞത്. ഇനി റിപ്പോർട്ടിന്മേൽ സർക്കാർ എന്തു തീരുമാനമെടുക്കുമെന്നതാണ് നിർണായകമാകുന്നത്.