മുംബൈ: അധികാര കസേരയ്ക്ക് വേണ്ടി മല്ലടിക്കാൻ താനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിമതരുടെ കലാപം സർക്കാരിനെ തകിടം മറിക്കുമെന്ന് ആയപ്പോഴാണ് ഉദ്ധവ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. പാർട്ടിയെ പ്രതിസന്ധി ഉലച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് ഉദ്ധവ് ഫേസ്‌ബുക്ക് ലൈവിലൂടെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് ബാധിതനായതിനാലാണ് ഉദ്ധവ് നേരിട്ട് രംഗത്ത് വരാത്തത്.

ശിവസേന ഹിന്ദുത്വ കൈവെടിയില്ലെന്നും ഉദ്ധവ് അർത്ഥശങ്കയില്ലാതെ വ്യക്തമാക്കി. ' ഞാൻ മുഖ്യമന്ത്രി പദവിയിൽ തുടരുന്നതിനെ ഒരു എംഎൽഎ എതിർത്താലും ഞാൻ രാജി വയ്ക്കും. എന്റെ രാജി കത്ത് ഞാൻ തയ്യാറാക്കി വയ്ക്കുകയാണ്. ഞാൻ രാജി വയ്ക്ക്ണമോ എന്ന് നിങ്ങൾ പറയുക', ഉദ്ധവ് താക്കറെ പറഞ്ഞു.

വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ച് 30 ശിവസേന എംഎൽഎമാർ ഗവർണർക്ക് കത്തെഴുതിയതോടെയാണ് താക്കറെ പ്രഖ്യാപനം നടത്തിയത്. ഷിൻഡെയ്‌ക്കൊപ്പം പോയ എംഎൽഎമാരിൽ നിന്ന് എനിക്ക് കോളുകൾ വരുന്നു. അവരെ ബലം പ്രയോഗിച്ച് കൊണ്ടുപോയതായാണ് അവർ പറയുന്നത്, ഉദ്ധവ് താക്കറെ പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെയെ പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മഹാവികാസ് അഘാഡി സർക്കാർ നീക്കിയിരുന്നു. എന്നാൽ, ഗവർണർ ഭഗത് സിങ് കോഷ്യാരിക്ക് അസമിൽ നിന്ന് അയച്ച കത്തിൽ വിമത എംഎൽഎമാർ ഷിൻഡയെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ബാലസാഹേബ് താക്കറെ സ്ഥാപിച്ച പാർട്ടിയിൽ ഉദ്ധവ് താക്കറെയുടെ പിടി അയയുന്നു എന്ന സൂചന നൽകി കൊണ്ട് വൈകിട്ട് അഞ്ചിന് വിളിച്ച പാർട്ടി എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി ഉദ്ധവ് ഉപേക്ഷിച്ചു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് വിമതർ അറിയിച്ചതോടെയാണ് വൈകിട്ട് അഞ്ചിന് നിശ്ചയിച്ച യോഗം വേണ്ടെന്ന് വച്ചത്.

വിമതരിൽ ചിലരെയെങ്കിലും അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ പക്ഷം നടത്തിയ നീക്കങ്ങളൊന്നും വിജയിച്ചില്ല. ഇതോടെയാണ് വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ നിശ്ചയിച്ച യോഗം ഉപേക്ഷിച്ചത്. നേരത്തെ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ പങ്കെടുത്തത് 16 എംഎൽഎമാർ മാത്രമായിരുന്നു.

യോഗത്തിൽ പങ്കെടുക്കണമെന്ന താക്കറെയുടെ കർശന നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്ന് വിമത എംഎൽഎമാരുടെ നേതാവ് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർ തീരുമാനങ്ങൾക്കായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് നേതാവ് കമൽനാഥ് എന്നിവരുമായി അദ്ദേഹം ഓൺലൈനിൽ സംസാരിക്കും.

ബിജെപിക്ക് സർക്കാരുണ്ടാക്കാൻ അവസരം നൽകാതെ നിയമസഭ പിരിച്ചുവിടാനാണ് നിലവിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ നീക്കമെന്നും റിപ്പോർട്ടുണ്ട്. സർക്കാർ രാജിവയ്ക്കുമെന്ന സൂചനകൾ ഉച്ചയോടെ പുറത്തുവന്നിരുന്നു. ശിവസേന നേതാവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ എൻസിപി, കോൺഗ്രസ് നേതാക്കളിൽ നിന്നും ഇതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.