ന്യൂഡൽഹി: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നിന്ന് രണ്ട് ചിത്രങ്ങളെ വാർത്താ വിനിമയമന്ത്രാലയം ഇടപെട്ട് ഒഴിവാക്കി. രവി ജാദവിന്റെ മറാത്തി ചിത്രം ന്യൂഡും സനൽ കുമാർ ശശിധരന്റെ മലയാള ചിത്രം എസ്. ദുർഗയെയുമാണ് സ്ൃതി ഇറാനി മന്ത്രിയായ വകുപ്പ് ഇടപെട്ട് ഒഴിവാക്കിയത്. സെക്സി ദുർഗ എന്ന ചിത്രം നേരത്തെ സെൻസർ ബോർഡ് ഇടപെട്ടാണ് എസ് ദുർഗ എന്നാക്കി മാറ്റിയത്.

ഗോവയിൽ ഈ മാസം അവസാനവാരത്തിൽ നടക്കാനിരിക്കുന്ന നാൽപത്തിയെട്ടാമത് ചലച്ചിത്രമേളയിലെ ഇന്ത്യ പനോരമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കാനിരുന്നതായിരുന്നു. ഇവയടക്കം 24 ചിത്രങ്ങളാണ് പതിമൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. എന്നാൽ, ഈ ജൂറി അംഗങ്ങൾ അറിയാതെയാണ് ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടത്. ചിത്രങ്ങൾ ഒഴിവാക്കപ്പെട്ട വിവരം താൻ അറിഞ്ഞില്ലെന്നും ഈ സംഭവത്തിലുള്ള നീരസം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജൂറി അംഗമായ തിരക്കഥാകൃത്ത് അപൂർവ അസ്രാനി പറഞ്ഞു.

നഗ്ന മോഡലുകളായി ഉപജീവനം നടത്തുന്ന സ്ത്രീകളുടെ കഥയാണ് മറാഠി ചിത്രമായ ന്യൂഡ് പറയുന്നത്. ന്യൂഡിനെയായിരുന്നു ഉദ്ഘാടന ചിത്രമായി ജൂറി കണ്ടുവച്ചിരുന്നത്. ന്യൂഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം. എസ് ദുർഗയാവട്ടെ നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയതാണ്.

ജോളി എൽ. എൽ.ബി, ന്യൂട്ടൺ, ബാഹുബലി 2, വെന്റിലേറ്റർ തുടങ്ങിയ മുഖ്യധാര ചിത്രങ്ങൾ സുജോയ് ഘോഷ് അധ്യക്ഷനായ ജൂറി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് പട്ടികയിലുള്ളത്.
നവംബർ 20 മുതൽ 28 വരെയാണ് മേള.