- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാജ് കിരണിന്റെ ഫോണിൽ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്ന സ്വപ്ന സുരേഷിന്റെ ആരോപണം: ഷാജിനെ അറിയില്ലെന്നും താൻ ആരെയും വിളിച്ചിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ; സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാമെന്നും എഡിജിപി
തിരുവനന്തപുരം: ഷാജ് കിരണിനെ തനിക്ക് അറിയില്ലെന്നും താൻ ആരെയും വിളിച്ചിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ. ഈ കേസുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിജയ് സാഖറെ പറഞ്ഞു. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിന്റെ ഫോണിൽ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്നാണ് ഇന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഡിജിപി എം.ആർ.അജിത് കുമാറും എഡിജിപി ലോ ആൻഡ് ഓർഡറും ചേർന്ന് 56 പ്രാവശ്യമാണ് തന്നെ വാട്സാപ്പിൽ വിളിച്ചതെന്ന് ഷാജ് കിരൺ പറഞ്ഞതായാണ് സ്വപ്ന പറഞ്ഞത്.
അതേസമയം, തന്റെ സുഹൃത്താണെങ്കിലും, കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടെന്ന് സ്വപ്ന സുരേഷ് പറയുന്നു. ഷാജ് കിരൺ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും സ്വപ്ന ആരോപിച്ചു.
പാലക്കാട്ട് എത്തിയ ഷാജ് കിരൺ ബുധനാഴ്ച ഉച്ച മുതൽ വൈകിട്ട് വരെ മാനസികമായി പീഡിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണം. നികേഷ് വന്നു കാണും, അയാൾക്ക് തന്റെ ഫോൺ നൽകണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു. ഒത്തുതീർപ്പിലെത്തിയാൽ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാജ് കിരണുമായുള്ള സംഭാഷണത്തിനിടെ സരിത്തിനെ പൊക്കുമെന്ന് അയാൾ മുന്നറിയിപ്പ് നൽകിയിരുന്നു. സരിത്തിനെ പിടിച്ചുകൊണ്ടുപോകും എന്ന് ഷാജ് കിരൺ തലേദിവസം തന്നെ പറഞ്ഞു. സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലൻസ് ആണെന്ന് ആദ്യം അറിയിച്ചതും ഷാജ് കിരൺ ആണ്. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും മറ്റ് തെളിവുകളും ഉടൻ പുറത്തുവിടുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാൻ നാളെ ഹർജി നൽകുമെന്ന് അഭിഭാഷകൻ കൃഷ്ണരാജ് വ്യക്തമാക്കി. സ്വപ്നയ്ക്ക് എതിരായ കേസ് നിലനിൽക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ സ്വപ്നയുടെ അടുത്തെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടും. കെ പി യോഹന്നാന്റെ ജീവനക്കാരൻ എന്ന നിലയിലാണ് ഷാജ് കിരണിനെ പരിചയപ്പെടുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി
അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ്പിയും 10 ഡിവൈഎസ്പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് വൻ സംഘം. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോർജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ