ന്യൂഡൽഹി: ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയാൽ അത് ഒരു പാപമായി തന്നെ കണക്കാക്കുന്നവരാണ് ഒരു വിഭാഗം ആളുകൾ. അപ്പോൾ പിന്നെ സോഷ്യൽ മീഡിയയിൽ ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുമ്പോൾ എത്രത്തോളം എതിർപ്പ് നേരിടേണ്ടി വരുമെന്ന കാര്യം പറയേണ്ടതില്ലല്ലോ? ഫ്രീസെക്സിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സൈബർ ലോകത്തെ തെറിവിളികൾ നേരിടേണ്ടി വന്നത് സിപിഐ(എംഎൽ)  പോളിറ്റ്ബ്യൂറോ അംഗം കവിത കൃഷ്ണനും അമ്മ ലക്ഷ്മിക്കുമാണ്.

കവിതയുടെ അഭിപ്രായങ്ങൾക്കെതിരെ ഒരുവിഭാഗം ആളുകൾ തെറിവിളികളുമായി രംഗത്തെത്തുകയായിരുന്നു. ലിംഗ വിവേചനം സംബന്ധിച്ച പതിവുകളെ തകർക്കുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫേസ്‌ബുക്ക് പെൺകൂട്ടായ്മയായ 'സ്പോയിൽറ്റ് മോഡേൺ ഇന്ത്യൻ വുമൺ' ആണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ലൈംഗിക സ്വാതന്ത്ര്യം സംബന്ധിച്ച ഒരു ചർച്ചയിൽ കവിതാ കൃഷ്ണൻ നടത്തിയ വാദമുഖങ്ങൾ ഇവർ തങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്തു. ലൈംഗിക സ്വാതന്ത്ര്യത്തെ പേടിക്കുന്നവരോട് തനിക്ക് സഹതാപം ഉണ്ടെന്നും അസ്വാതന്ത്ര്യത്തിലുള്ള ലൈംഗികത ബലാത്സംഗമാണെന്നും അവർ നടത്തിയ പ്രസ്താവനയാണ് പേജിൽ വനിതാവിമോചന സംഘടന പോസ്റ്റ് ചെയ്തത്.

ഈ പേജിൽ കവിതാ കൃഷ്ണൻ ഫ്രീ സെക്സിനെപ്പറ്റി പറഞ്ഞ വാക്കുകൾ ഷെയർ ചെയ്തതോടെയാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾ കൊഴുത്തത്. ജി.എം ദാസ് എന്നയാൾ കമന്റിന് കവിതയും മാതാവും നൽകിയ മറുപടികളാണ് സോഷ്യൽമീഡിയ ഏറ്റുപിടിച്ചത്.

ഫ്രീ സെക്സിനെ കുറിച്ചുള്ള പോസ്റ്റിന് കീഴിൽ ജിഎം ദാസ് നൽകിയ കമന്റ് ഇങ്ങനെ: നിന്റെ അമ്മയോടോ മകളോടോ ചോദിക്കൂ, അവൾ ഫ്രീസെക്സ് ചെയ്തിട്ടുണ്ടോ എന്ന്. ഇതിന് കവിത കൃഷ്ണൻ നൽകിയ മറുപടി ഇങ്ങനെ: യേയ്, അതെ.. എന്റെ അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. നിന്റമ്മയും ചോദിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം സ്ത്രീകൾ സ്വതന്ത്രമല്ല, എങ്കിൽ സെക്സ് സെക്സാവില്ല, റേപ്പ് ആയിരിക്കും. ഉടൻ തന്നെ കവിതയുടെ അമ്മ ലക്ഷ്മികൃഷ്ണനും മറുപടിയുമായി എത്തി: ഹെയ് ജി.എം ദാസ്, ഞാൻ കവിതയുടെ അമ്മയാണ്. തീർച്ചയായും ഞാൻ ഫ്രീ സെക്സ് ചെയ്തിട്ടുണ്ട്. ഞാൻ അത് ആസ്വദിച്ചിട്ടുമുണ്ട്. ഞാൻ ആഗ്രഹിക്കുന്ന ആളുമായാണ് ഞാനത് ചെയ്യേണ്ടത്. ഓരോ സ്ത്രീക്കും പുരുഷനും അവരവരുടെ സമ്മതപ്രകാരമുള്ള സെക്സ് ചെയ്യാൻ വേണ്ടി ഞാൻ പോരാടുകയും ചെയ്യുന്നു. അസ്വാതന്ത്ര്യം അരുത്. നിർബന്ധിതവുമാകരുത്- എന്നുമാണ്.

ഫേസ്‌ബുക്കിൽ ചർച്ച ചൂടായതോടെ കവിതയുടെ മാതാവ് ലക്ഷ്മി കൃഷ്ണനും ചർച്ചയിൽ മകൾക്ക് പിന്തുണയുമായി എത്തി. താൻ കവിതയുടെ അമ്മയെന്ന് പരിചയപ്പെടുത്തി എത്തിയ അവർ തനിക്ക് ലൈംഗിക സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും എന്നെ ആവശ്യമുള്ളയാളെയാണ് എനിക്കാവശ്യമുള്ളപ്പോൾ തേടുന്നതെന്ന് ഇവർ കുറിച്ചു.

സ്വാതന്ത്രമില്ലാത്തതും നിർബ്ബന്ധിതവുമല്ലാത്ത ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയ്ക്ക് വേണ്ടി താൻ പോരാടുമെന്നും ഇവർ പറഞ്ഞു. അമ്മയുടേയും മകളുടേയും മറുപടിക്ക് അനേകരാണ് പിന്തുണയുമായി എത്തിയിട്ടുള്ളത്. ഇതിന് 600 ലൈക്കുകയും 30 ഷെയറുകളും ഉണ്ടായി. അതൊരു അസാധാരണ മറുപടിയാണെന്ന് ഒരാൾ കുറിച്ചപ്പോൾ ഭയരഹിതമായ മറുപടിക്ക് ചിലർ നന്ദി പറഞ്ഞിട്ടുണ്ട്.