കൊച്ചി: സോളാർ കേസ് പ്രതികളായ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും പരിചയമില്ലെന്നു ജോസ് കെ. മാണി എംപി. ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുമ്പാകെ മൊഴി നൽകി. ടീം സോളാർ കമ്പനിയെപ്പറ്റി കേട്ടിട്ടില്ല. ആ കമ്പനിയുടെ ഡയറക്ടറായ ബിജു രാധാകൃഷ്ണനെകാണുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

സരിതയുടെ സ്ത്രീത്വത്തെ അപമാനിച്ചെന്നുള്ള മുൻ ഗവ. ചീഫ് വിപ്പ് പി.സി. ജോർജിന്റെ മൊഴി വസ്തുതാവിരുദ്ധവും കളവുമാണ്. സരിത ജയിലിൽവച്ചെഴുതിയ കത്തിൽ തന്റെ പേര് ഉണ്ടായിരുന്നെന്ന ജോർജിന്റെ മൊഴിയും അദ്ദേഹം നിഷേധിച്ചു. സരിതയുടെ ഫോണിൽ നിന്നും ജോസ് കെ മാണിയെ ആറു തവണ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നാണ് കമ്മീഷന് ലഭിച്ച ഫോൺ രേഖകളിലുമുള്ളത്. ജോസ് കെ. മാണി സരിതയുമായി 2012 ജനുവരി 25 മുതൽ 2013 ഫെബ്രുവരി രണ്ടുവരെ ആറുതവണ ഫോണിൽ സംഭാഷണം നടത്തിയതായി കമീഷൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒരു ചടങ്ങിന് ക്ഷണിക്കാനായിരുന്നു ഈ വിളികളെന്ന നിലപാടിലാണ് ജോസ് കെ മാണി. അതിന് ശേഷം വിളികളൊന്നും വരാത്തതുകൊണ്ട് തന്നെ ജോസ് കെ മാണിയ്‌ക്കെതിരായ ആരോപണം കമ്മീഷൻ തള്ളിക്കളയുമെന്നാണ് സൂചന.

ടീം സോളാറിനെ എം.എൻ.ആർ.ഇ, അനർട്ട് പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി സരിത തന്നെ ഉപയോഗപ്പെടുത്തിയെന്ന ജോർജിന്റെ മൊഴിയും ശരിയല്ലെന്ന് ജോസ് കെ മാണി വിശദീകരിച്ചു. സരിത ഡൽഹിയിൽ എത്തുമ്പോൾ തന്റെ കൂടെയാണ് താമസിക്കാറുള്ളതെന്ന ആരോപണവും കള്ളമാണ്. ടീം സോളാർ കമ്പനിയെപ്പറ്റി കേട്ടിട്ടില്ല. ലക്ഷ്മി നായരെന്ന പേരിൽ ഒരു സ്ത്രീ അവരുടെ സോളാർ ബിസിനസുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തന്റെ നിയോജകമണ്ഡലത്തിലെ കടുത്തുരുത്തി ഭാഗത്ത് സ്ഥാപിക്കുന്നെന്നും ഉദ്ഘാടനം നിർവഹിക്കണമെന്നും ആവശ്യപ്പെട്ട് തന്റെ കോട്ടയം ഓഫിസിൽ വന്നിരുന്നു.

എന്നാൽ, താൻ അസൗകര്യം അറിയിച്ചു. അതിനുശേഷം അവരെ കണ്ടിട്ടില്ല. ഫോണിലൂടെയോ അല്ലാതയോ ഒരു ആവശ്യവും അവർ ഉന്നയിച്ചിട്ടില്ല. താൻ അവരെ ഫോൺ ചെയ്യുകയോ എസ്.എം.എസ് അയക്കുകയോ ചെയ്തിട്ടില്ല. സരിതയുമായി ഔദ്യോഗികമോ അല്ലാതെയോ ഒരു ബന്ധവുമില്ല. ടീം സോളാറിനെയോ ഡയറക്ടർമാരായ ബിജു രാധാകൃഷ്ണൻ, സരിത എന്നിവരെയോ സംബന്ധിച്ച് താനുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാൽ അന്വേഷിച്ചിരുന്നില്ലെന്നും ജോസ് കെ. മാണി മൊഴിനൽകി.

സരിത ജയിലിൽവച്ചെഴുതിയ കത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയോ അതിൽ തന്റെ പേര് പരാമർശിക്കുന്നതായോ അറിയില്ല. എന്നാൽ, തിരുവനന്തപുരത്തു പത്രസമ്മേളനത്തിനിടയിൽ സരിത ഉയർത്തിക്കാട്ടിയ കത്തിൽ തന്റെ പേര് ഉണ്ടായിരുന്നതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പി.സി. ജോർജിനെതിരേ പാർട്ടി തലത്തിൽതന്നെ നടപടിയെടുത്തിരുന്നു. പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങളും ജോർജ് നടത്തിയിരുന്നു. അതിനുശേഷമാണ് തനിക്കെതിരേ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചതെന്നും ജോസ് കെ. മാണി മൊഴി നൽകി.

സരിതയുടെ കത്തിന്റെ നിജസ്ഥിതിയെപ്പറ്റി അറിയാത്തതിനാൽ അവർക്കെതിരേ നിയമനടപടിയുമായി പോയിട്ടില്ലെന്നു സർക്കാർ അഭിഭാഷകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. സത്യവിരുദ്ധമായ പ്രസ്താവനകൾ നടത്തിയതിനു പിന്നിലെ ഗൂഢാലോചനയിൽ ഏർപ്പെട്ട ആളുകളെ കണ്ടെത്തുന്നതിന് അന്നത്തെ ഡി.ജി.പിക്കു പരാതി നൽകിയിരുന്നുവെന്നും കമ്മീഷനൈ അറിയിച്ചു.