കൊ​ൽ​ക്ക​ത്ത: മലയാളികളുടെ കാൽപന്ത് സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് ഗോകുലം കേരള എഫ്സി. ഐ ലീ​ഗ് കിരീടത്തിൽ മുത്തമിടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമായി ഗോകുലം എഫ്സി എത്തിയപ്പോൾ കാ​ൽ​പ​ന്തി​നെ പ്രണയിക്കുന്ന മലയാളികളുടെ ആവേശം വാനോളം ഉയരുകയായിരുന്നു. നാടകീയമായി മാറിയ ആവേശപ്പോരാട്ടത്തിൽ മണിപ്പൂരിൽനിന്നുള്ള കരുത്തരായ ട്രാവു എഫ്‍സിയെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള എഫ്‍സി കന്നി ഐ ലീഗ് കിരീടം സ്വന്തമാക്കിയത്. കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം കേരളയുടെ വിജയം.

മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചു കയറുന്ന പതിവ്​ തെറ്റിക്കാതെയാണ്​ ഗോകുലം ഇക്കുറിയും കളിതുടങ്ങിയത്​. പക്ഷേ 24ാം മിനുറ്റിൽ ബിദ്യാസാഗറിലൂടെ ട്രാവു ഗോകുലത്തിന്റെ ഉള്ളുലച്ചു. ഇടവേളക്ക്​ ശേഷം വിജയ ദാഹം മുറ്റി നിന്ന ഗോകുലത്തിന് തെളിനീരുറവയായി 70ാം മിനുറ്റിൽ ഷരീഫ്​ മുഹമ്മദിന്റെ ഗോളെത്തി. ആരവങ്ങളടങ്ങും മു​മ്പേ എമിൽ ബെന്നിയുടെ ഗോളിൽ ഗോകുലം മുമ്പിൽ. സ്​തബ്​ധരായി നിന്ന ട്രാവുവിന്റെ വലയിലേക്ക് മിനുറ്റുകൾക്ക്​ ശേഷം​ ഡെന്നി ആൻറ്വ മൂന്നാം ഗോളും അടിച്ചുകയറ്റിയതോടെ മത്സരവിധി തീരുമാനമായിരുന്നു. നീണ്ടുപോയ ഇഞ്ചുറി ടൈമിനൊടുവിൽ മുഹമ്മദ്​ റാഷിദ് കുറിച്ച​ നാലാംഗോൾ വിജയത്തിന്​ അലങ്കാരമായി. ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ വിൻസി ബാ​രെറ്റോ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തേക്ക്​ പോയിരുന്നു.

ഷെരീഷ് മുഹമ്മദ് (70), മലയാളി താരം എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), പകരക്കാരനായി ഇറങ്ങിയ മലയാളി താരം മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. 24–ാം മിനിറ്റിൽ വിദ്യാസാഗർ സിങ് നേടിയ ഗോളിലാണ് ട്രാവു എഫ്‍സി ലീഡെടുത്തത്. ഗോകുലത്തിന്റെ പ്രതിരോധനിരയുടെ ആലസ്യം മുതലെടുത്താണ് ലീഗിലെ ടോപ് സ്കോററായ വിദ്യാസാഗർ ബോക്സിനു തൊട്ടുപുറത്തുനിന്ന് ലക്ഷ്യം കണ്ടത്.

മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഗോകുലത്തിന് തിരിച്ചുവരവിനായി കാത്തിരിക്കേണ്ടി വന്നത് 70 മിനിറ്റുകളാണ്. ഒടുവിൽ ബോക്സിനു തൊട്ടുവെളിയിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് മധ്യനിര താരം ഷെരീഷ് മുഹമ്മദാണ് ടീമിന് സമില സമ്മാനിച്ചത്. നാലു മിനിറ്റിനുള്ളിൽ മലയാളിയായ മറ്റൊരു മധ്യനിര താരം എമിൽ ബെന്നി ലീഡുയർത്തി. ഡെന്നിസ് അഗ്യാരയിൽനിന്ന് ലഭിച്ച പന്തുമായി ട്രാവു ബോക്സിലേക്ക് കയറിയ എമിൽ ബെന്നി തടയാനെത്തിയ എതിർ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോൾകീപ്പറിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു.

77–ാം മിനിറ്റിൽ അഗ്യാരയ്ക്ക് എമിൽ ബെന്നിയുടെ പ്രത്യുപകാരം. എമിലിന്റെ പാസ് സ്വീകരിച്ച് അഗ്യാരയുടെ ഒറ്റയാൾ മുന്നേറ്റം ഗോൾകീപ്പർ തടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽത്തട്ടി ഉയർന്നുപൊങ്ങിയ പന്ത് വലയുടെ ഇടത്തേമൂലയിൽ താഴ്ന്നിറങ്ങി. ഒടുവിൽ പകരക്കാരനായെത്തിയ മലയാളി താരം മുഹമ്മദ് റാഷിദിന്റെ ഇൻജറി ടൈം ഗോൾ കൂടിയായതോടെ ഗോകുലം ഗോൾപട്ടിക പൂർണം.

വിജയത്തോടെ 29 പോയിന്റുമായാണ് ഗോകുലം ചാംപ്യന്മാരായത്. ഇതേ സമയത്തു നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്‌ത്തിയ ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുണ്ടെങ്കിലും ഗോൾവ്യത്യാസത്തിലാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. ജയിച്ചാൽ ട്രാവു എഫ്‍സിക്കും കിരീടം നേടാൻ അവസരമുണ്ടായിരുന്നു. മത്സരത്തിൽ ട്രാവുവിന്റെ ഏക ഗോൾ നേടിയ ഇന്ത്യൻ താരം വിദ്യാസാഗർ സിങ് 12 ഗോളുകളുമായി ലീഗിലെ ടോപ് സ്കോററായി. ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.

ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാൻ് ഗോകുലം കേരള എഫ്.സി. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഇവർ. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി.