കോഴിക്കോട്: ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം താഴേക്ക് പോകുമ്പോഴും മലയാളിക്ക് അഭിമാനിക്കാൻ വക നൽകുകയാണ് ഐ-ലീഗിലെ ഗോഗുലം കേരളയുടെ പ്രകടനം. മുപ്പതിനായിരത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഐ-ലീഗിൽ ഗോകുലം എഫ്.സിക്ക് തുടർച്ചയായ രണ്ടാം വിജയം. നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ ഗോകുലം ഒരൊറ്റ ഗോളിന് പരാജയപ്പെടുത്തി. വിജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുമായി കേരള ടീം രണ്ടാമതെത്തി.

പൊതുവെ ഗ്ലാമർ കുറവാണെങ്കിലും പ്രെഫഷണലിസത്തിൽ ഐഎസ്എല്ലിനെക്കാലും ഒരു പടി മുന്നിൽ നിൽക്കുന്ന ലീഗാണ് ഇത്. അതുകൊണ്ട് തന്നെ കേരളത്തിൽ ഐലീഗിന് ആരാധക പിന്തുണ വർധിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. 60-ാം മിനിറ്റിൽ ലക്ഷ്യം കണ്ട രാജേഷാണ് കേരള ടീമിന്റെ വിജയശിൽപ്പി. ഉയർന്നു വന്ന ക്രോസ് ഹെഡ് ചെയ്ത് രാജേഷ് മിനർവയുടെ വലയിലെത്തിക്കുകയായിരുന്നു.

പതിവിന് വിപരീതമായി രാത്രി 7.30ന് തുടങ്ങിയ മത്സരത്തിന് ഇടക്ക് ഫ്ളഡ് ലിറ്റ് കണ്ണുചിമ്മി. തുടർന്ന് ഇരുപത് മിനിറ്റോളം മത്സരം നിർത്തിവെച്ചു. ഈ സമയനഷ്ടം പരിഹരിക്കാൻ ആദ്യ പകുതിക്ക് ശേഷം 21 മിനിറ്റ് അധിക സമയം നൽകി. പക്ഷേ നീണ്ടു പോയ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.