- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ-ലീഗിൽ തുടർച്ചയായ രണ്ടാം കിരീടം; ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം കുറിച്ച് ഗോകുലം; മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കീഴടക്കി; കേരളത്തിന് അഭിമാന നേട്ടം
കൊൽക്കത്ത: തുടർച്ചയായ രണ്ടാം ഐലീഗ് കിരീട നേട്ടത്തോടെ ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം കുറിച്ച് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. ശനിയാഴ്ച നടന്ന നിർണായകമായ അവസാന മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്താണ് ഗോകുലം തുടർച്ചയായ രണ്ടാം ഐലീഗ് കിരീടം പേരിൽ കുറിച്ചത്.
നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്ബോൾ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
18 കളികളിൽ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തിൽ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്ബോൾ ലീഗ് 2007-ൽ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലത്തിന് സ്വന്തമായി.
റിഷാദ്, എമിൽ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകൾ നേടിയത്. അസ്ഹറുദ്ദീൻ മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദൻ എസ്.സിയുടെ ഏക ഗോൾ.
കിരീടത്തിലേക്ക് ഒരു സമനില മാത്രം മതിയായിരുന്ന ഗോകുലം ശ്രദ്ധയോടെയാണ് കളിയാരംഭിച്ചത്. എന്നാൽ ജയം ലക്ഷ്യമിട്ടിറങ്ങിയ മുഹമ്മദൻസ് തുടക്കത്തിൽ തന്നെ ഗോകുലം ഗോൾമുഖം ആക്രമിച്ചുകൊണ്ടിരുന്നു. മാർക്കസ് ജോസഫും ആൻഡെലോയുമെല്ലാം മികച്ച മുന്നേറ്റങ്ങളൊരുക്കി. എന്നാൽ പതിയെ താളം കണ്ടെത്തിയ ഗോകുലം പിന്നീട് മികച്ച കളി പുറത്തെടുത്തു.
ലഭിച്ച അവസരങ്ങൾ ഇരു ടീമിനും മുതലാക്കാൻ സാധിക്കാതിരുന്നതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചു. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് 49-ാം മിനിറ്റിൽ റിഷാദിന്റെ കിടിലൻ ഷോട്ടിലൂടെ ഗോകുലം മുന്നിലെത്തി.
ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് മുഹമ്മദൻസ് സമനില ഗോൾ കണ്ടെത്തി. അസ്ഹറുദ്ദീൻ മാല്ലിക്കാണ് അവർക്കായി സ്‌കോർ ചെയ്തത്. ഒടുവിൽ 61-ാം മിനിറ്റിൽ ഗോകുലത്തിന്റെ മിഡ്ഫീൽഡിലെ മിന്നും താരം വയനാട്ടുകാരൻ എമിൽ ബെന്നിയാണ് ഗോകുലത്തിന്റെ വിജയ ഗോൾ നേടിയത്. സാൾട്ട്ലേക്കിൽ ആർത്തിരമ്പിയ മുഹമ്മദൻസ് ആരാധകരെ സാക്ഷിയാക്കിയാണ് ഗോകുലം ജയവും കിരീടവുമായി തിരിച്ചുകയറിയത്.
കഴിഞ്ഞ വർഷം ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടതോടെ വലിയൊരു കാത്തിരിപ്പാണ് ഗോകുലം അവസാനിപ്പിച്ചത്. ഇപ്പോഴിതാ ലീഗിലെ നിർണായകമായ അവസാന മത്സരത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്താണ് ഗോകുലം കിരീടം നിലനിർത്തിയിരിക്കുന്നത്. ഡ്യൂറന്റ് കപ്പും ഐ ലീഗും നേടുന്ന ആദ്യ കേരള ക്ലബ്ബെന്ന നേട്ടം നേരത്തെ തന്നെ സ്വന്തമാക്കിയ ഗോകുലം ഇപ്പോൾ ഐ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.
ഡ്യൂറന്റ് കപ്പിൽ മുത്തമിട്ടതോടെയാണ് ഗോകുലത്തെ മലയാളികൾ നെഞ്ചേറ്റാൻ തുടങ്ങിയത്. കരുത്തരായ മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് കീഴടക്കി ചരിത്രം കുറിച്ചാണ് ഗോകുലം 2019 ഓഗസ്റ്റ് 24 ന് ഡ്യൂറന്റ് കപ്പിൽ മുത്തമിടുന്നത്. 22 വർഷത്തിനുശേഷമായിരുന്നു ഗോകുലം അന്ന് ഡ്യൂറന്റ് കപ്പ് കേരളത്തിലെത്തിച്ചത്. 1997-ൽ എഫ്.സി കൊച്ചിനായിരുന്നു അവസാനമായി ഡ്യൂറന്റ് കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്നത്.
അന്ന് മാർക്കസ് ജോസഫിന്റെ ഇരട്ട ഗോളുകളുടെ സഹായത്തോടെയാണ് ഗോകുലം ഫൈനലിൽ മോഹൻ ബഗാനെ വീഴ്‌ത്തിയത്. ഇത്തവണ അതേ മാർക്കസ് ജോസഫ് ഉൾപ്പെട്ട മുഹമ്മദൻസിനെ പരാജയപ്പെടുത്തിയാണ് കേരളം ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. അന്ന് സെമിയിൽ ഈസ്റ്റ് ബംഗാളിനെ മറികടന്നാണ് കേരളം ഫൈനലിലെത്തിയത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.
സ്പോർട്സ് ഡെസ്ക്