കൊല്ലം : ഭിക്ഷാടനത്തിന്റെ ഇരുളറയിൽ നിന്ന് പുതു ജീവിതത്തിലേക്ക് പറക്കുകയാണ് മണികണ്ഠൻ. കൊല്ലം ഗവ. ശിശുഭവനിൽനിന്ന് മണികണ്ഠൻ എന്ന പതിനാലുകാരൻ പറക്കുന്നത് സ്പെയിനിലേക്കാണ്. ജൂലായിൽ നടക്കുന്ന ഐലീഗ് ഫുട്ബോളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. മണികണ്ഠൻ മികച്ച ഡിഫൻഡറാണ്.

ഭിക്ഷാടനത്തിൽനിന്ന് കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതിവകുപ്പ് നടത്തിയ തിരച്ചിലിലാണ് മണികണ്ഠനെയും സഹോദരിയെയും ഓച്ചിറ പരബ്രഹ്മക്ഷേത്ര പരിസരത്തുനിന്ന് കണ്ടെത്തിയത്. അന്നുമുതൽ ഗവ. ശിശുഭവനിൽ കഴിയുകയായിരുന്ന മണികണ്ഠനെ പത്തുമാസം മുൻപാണ് കോച്ച് അഭിലാഷ് പരിശീലിപ്പിച്ചുതുടങ്ങിയത്.

ശിശുഭവനിലെ കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിന്റെ ഭാഗമായി സൂപ്രണ്ട് ശ്രീകുമാറാണ് കുട്ടികൾക്കുവേണ്ടി കായികപരിശീലനം ഏർപ്പെടുത്തിയത്. ചെന്നൈയിലെ ഫുട്ബോൾ പ്ലസ് പ്രൊഫഷണൽ സോക്കർ അക്കാഡമിയുടെ അണ്ടർ 15 മത്സരത്തിലാണ് ഐലീഗിൽ കളിക്കാൻ മണികണ്ഠൻ യോഗ്യത നേടിയത്.

എസ്.എൻ. ട്രസ്റ്റ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മണികണ്ഠന് തന്റെ വീട്ടുകാരെയും ബന്ധുക്കളേയും കുറിച്ച് ഒന്നും അറിയില്ല. മണികണ്ഠന് സ്പെയിനിലേക്കുള്ള യാത്ര നടക്കണമെങ്കിൽ പരിശീലനത്തിനും മറ്റുമുള്ള ചെലവിന് പത്തുലക്ഷം രൂപയോളം വേണ്ടിവരും. നന്മയുള്ളവരാരെങ്കിലും സ്പോൺസറായി വരുമെന്ന പ്രതീക്ഷയിലാണ് മണികണ്ഠനും ശിശുഭവനിലെ ജീവനക്കാരും. ഫോൺ: 9037985187.