തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ വാർത്തകളുണ്ടാക്കിയ പ്രണയമാണ് ചിമ്പു ഹൻസിക ജോഡികളുടേത്. പ്രണയം തകർന്നുവെന്ന് ഇരുവരും സമ്മതിച്ചിരുന്നെങ്കിലും ഇതിന്റെ കാരണങ്ങൾ ഇതുവരെ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ പ്രണയ തകർച്ചയെ പറ്റി വ്യക്തമാക്കി ചിമ്പു രംഗത്തെത്തിയിരിക്കുകയാണ്.

താൻ അഭിനയിച്ച ചിത്രങ്ങളുടെ പരാജയങ്ങൾ പണത്തിനൊപ്പം തന്റെ കാമുകിയെയും നഷ്ടപ്പെടുത്തിയെന്നായിരുന്നു ചിമ്പുവിന്റെ പ്രതികരണം. സന്താനം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിങിന് എത്തിയപ്പോഴാണ് മറക്കാനാവാത്ത ഭൂതകാലം താരം ആരാധകരുമായി പങ്കുവച്ചത്.

കഴിഞ്ഞ രണ്ടു വർഷം തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ചിമ്പു പറയുന്നു. ഒരു ചിത്രം പോലും തനിക്കുണ്ടായിരുന്നില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ചു. വിവാഹം കഴിഞ്ഞ് മകന്റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് അത് സാധ്യമല്ലെന്നും ചിമ്പു പറയുന്നു. ഹൻസികയുടെ പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

പ്രണയത്തിൽ നിന്നും പിന്നീട് പിന്മാറാൻ ഹൻസിക തീരുമാനിച്ചത് താരത്തെ മാനസികമായി തകർത്തിരുന്നു എന്നാണ് കോളിവുഡ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ. പത്രക്കുറിപ്പിറക്കി തന്റെ പ്രണയം അവസാനിച്ചത് ചിമ്പു ആരാധകരെ അറിയിച്ചത് ഇതിന് ഉദാഹരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിമ്പുവും ഹൻസികയും ഒരുമിച്ചഭിനയിച്ച 'വാലു' മെയ്‌ 22ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.