ടിവിയുടെ പ്രധാനപ്പെട്ട റിയാലിറ്റി ഷോ ആയ ' ഐആം എ സെലിബ്രിറ്റി' യെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ വെളിപ്പെട്ടു. ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന താരങ്ങൾ കാട്ടിൽ ചെലഴിക്കുന്നത് കടുത്ത വെല്ലുവിളികളും നരകയാതനകളും താണ്ടിയാണെന്നാണ് പ്രേക്ഷകർ ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ ഇത് പൂർണമായും ശരിയല്ലെന്നാണ് ഷോയുമായി ബന്ധപ്പെട്ട ചില ഉറവിടങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ താരങ്ങൾ വന്യ ജീവികൾക്കൊപ്പം കഴിയുന്നത് കണ്ട് സംഭ്രമിക്കുകയും ദുഃഖിക്കുകയും ചെയ്യാത്ത പ്രേക്ഷകർ കുറവായിരിക്കും.

എന്നാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്ന തേളുകളും പാറ്റകളും റബർ കൊണ്ടുണ്ടാക്കിയ താണെന്നും മുതലകളുടെ വായ മൂടിക്കെട്ടിയതാണെന്നും കണ്ടെത്തിയിരിക്കുന്നു. ഇതിന് പുറമെ ഇതിൽ താരങ്ങൾക്കടുത്ത് കാണപ്പെടുന്ന വിഷ ജന്തുക്കൾ പല്ലുപറിച്ചവയായതിനാൽ യാതൊരു വിധത്തിലും ഉപദ്രവിക്കില്ലെന്നും വ്യക്തമായിട്ടുണ്ട്. കാട്ടിലെ കൊടും മഴയിൽ താരങ്ങൾ പിടിച്ച് നിൽക്കാൻ പാടു പെടുന്നത് കണ്ട് ഷോയുടെ പ്രേക്ഷകരുടെ ഉള്ളുരുകാറുണ്ട്. എന്നാൽ ഇതിന്റെ പേരിൽ ആരു ടെൻഷനടിക്കേണ്ടെന്നും കാരണം ഇതിൽ ഉപയോഗിക്കുന്നത് സ്വിച്ചിട്ടാൽ നിലയ്ക്കുന്ന മഴയാണെന്നും ഡെയിലി മെയിൽ വെളിപ്പെടുത്തുന്നു. ചുരുക്കി പ്പറഞ്ഞാൽ ഈ ഷോയിൽ ചിത്രീകരിച്ചിരിക്കുന്ന കൊടുങ്കാറ്റിൽ ജീവികൾക്കൊപ്പമുള്ള താരങ്ങളുടെ ജീവിതം വെറും തട്ടിപ്പാണ്.

കഴിഞ്ഞ രാത്രിയിലെ ഷോയുടെ ഓപ്പണിങ് എപ്പിസോഡിൽ താരങ്ങൾ തങ്ങൾ നേരിടുന്ന മഴയെക്കുറിച്ച് പരാതിപറയുന്നത് കേൾക്കാമായിരുന്നു. എന്നാൽ അവരുടെ തലയ്ക്ക് മേൽ ഒരു കാൻവാസ് മേലാപ്പുണ്ടെന്നും അതിനാൽ താരങ്ങൾക്ക് പ്രയാസങ്ങളൊന്നുമില്ലെന്നുമാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതിൽ സജ്ജമാക്കിയിരുന്ന മരക്കുറ്റികൾ കൃത്രിമമായി നിർമ്മിച്ചവയാണ്. കൂടാതെ ഇതിലുള്ള വെള്ളച്ചാട്ടം സ്വിച്ചിനാൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. താരങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഏതാനും മീറ്ററുകൾക്കകലെ തന്നെ ഫാസ്റ്റ് ഫുഡ് വാൻ സദാസമയവും നിലകൊള്ളുന്നുവെന്നും വ്യക്തമായിരിക്കുന്നു.

ഇതിലെ വെള്ളച്ചാട്ടം ഉച്ചയ്ക്ക് മൂന്ന് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സ്വിച്ച് ഓഫ് ചെയ്തിടുന്നത്. ഇതിലെ എല്ലാം കൃത്രിമമായി നിർമ്മിച്ചവയല്ലെന്നും എന്നാൽ ചിലത് കൃത്രിമമായി നിർമ്മിക്കേണ്ടി വന്നിട്ടുണ്ടെന്നും ഈ ഷോയുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ വിശദീകരിക്കുന്നു. അവ ആ സ്ഥലത്ത് പ്രകൃതിപരമായി സംഭവിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും അവർ പറയുന്നു. ഇതിൽ പങ്കെടുക്കുന്ന താരങ്ങൾ കാട്ടിലൂടെ അലഞ്ഞ് വിറക് തേടി കണ്ടുപിടിക്കുന്നതാണ് പ്രേക്ഷകർ കാണുന്നത്. എന്നാൽ ഒരു സംഘം വിറക് തേടിപ്പിടിച്ച് ചെറുതാക്കി ഇവർക്ക് നൽകുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.ഇതിൽ താരങ്ങൾ കാട്ടിലൂടെ അലഞ്ഞ് ആഹാരം തേടിക്കഴിക്കുന്നതും കാണിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും യാഥാർത്ഥ്യമല്ല.

കഴിഞ്ഞ രാത്രിയിലെ ഓപ്പണിങ് എപ്പിസോഡിൽ കാട്ടിൽ പെയ്യുന്ന തുടർച്ചയായുള്ള വൻ മഴയിൽ താരങ്ങൾ നരകിക്കുന്നത് കാണാം. ക്യാമ്പിൽ മൂന്നര ആഴ്ച കഴിയുന്ന താരങ്ങൾക്ക് മൂന്ന് ബിക്കിനികളോ അല്ലെങ്കിൽ നീന്തൽ വസ്ത്രങ്ങളോ ആണ്നൽകുന്നത്. ഇതിന് പുറമെ മൂന്ന് സെറ്റ് അടിവസ്ത്രങ്ങളും നൽകും. ഇത് അലക്കാതെ ഉപയോഗിക്കുന്നുവെന്ന പ്രതീതിയാണ് പ്രേക്ഷകർക്കുള്ളത്. എന്നാൽ ഇതിനുള്ള വാഷിങ് പൗഡറും മറ്റ് സൗകര്യങ്ങളും ഇവിടെ പ്രദാനം ചെയ്യുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. സാങ്കേതികമായി താരങ്ങൾ ഇക്കാലയളവിൽ കാട്ടിലാണ് കഴിയുന്നത്. എന്നാൽ ഇവിടെ നിന്നും അൽപം അകലെയുള്ള ഉപയോഗിക്കാത്ത ബനാന പ്ലാന്റേഷനിൽ അത്യാവശ്യത്തിന് സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഷോ ലൈവായി കാണുന്നത് പോലെയാണ് പ്രേക്ഷകർക്ക് തോന്നുന്നതെങ്കിലും ഇതിലെ ഓരോ സീക്വൻസും മുൻകൂട്ടി റിഹേഴ്സൽ ചെയ്ത് താരങ്ങൾ തയ്യാറെടുത്തവയാണ്.