ലഖ്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ വിമർശിച്ച് സമാജ്വാദി പാർട്ടി നേതാവും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിങ് യാദവ് രംഗത്ത്. കോൺഗ്രസുമായുള്ള സഖ്യത്തിന് താൻ എതിരാണെന്നും, ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിക്ക് ഒറ്റയ്ക്ക് മത്സരിക്കാനുള്ള പ്രാപ്തിയുണ്ടെന്നും മുലായം സിങ് വ്യക്തമാക്കി.

കോൺഗ്രസ് പണ്ട് ശക്തരായിരുന്നു. എന്നാൽ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാൻ അവർക്കായില്ല. ഈ സഖ്യവുമായി മുന്നോട്ട് പോകുകയാണെങ്കിൽ താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകില്ല. തനിക്ക് ഈ സഖ്യത്തെ പറ്റി അറിയില്ല. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവർക്ക് ഈ സഖ്യം കാരണം സീറ്റു ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സഖ്യത്തിനെതിരെ പ്രതികരിക്കാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

രാഹുൽ ഗാന്ധിയും അഖിലേഷും ഒത്തുചേർന്ന് ആദ്യ പ്രചാരണത്തിന് ഞായറാഴ്ച തുടക്കംകുറിച്ചതിന് തൊട്ട് പിന്നാലെയാണ്, സഖ്യത്തോടുള്ള എതിർപ്പ് മുലായം സിങ് പരസ്യമാക്കിയത്. മുലായം നിർദ്ദേശിച്ച ചിലർക്ക് കോൺഗ്രസ് സഖ്യം യാഥാർത്ഥ്യമാക്കുന്നതിനായി സീറ്റ് നിഷേധിച്ചതാണ് ഇപ്പോഴത്തെ പ്രകോപനത്തിനുള്ള കാരണമെന്നാണ് സൂചന. ഇതോടെ രാഹുൽ ഗാന്ധിയും അഖിലേഷും ചേർന്നുള്ള സഖ്യത്തിന്റെ വിജയസാധ്യതയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.

നേരത്തെ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ, രാഹുൽ ഗാന്ധിയും താനും ഒരേ സൈക്കിളിന്റെ രണ്ടു ചക്രങ്ങളാണെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. വിഭജന രാഷ്ട്രീയത്തിനുള്ള ഉത്തരമാണ് കോൺഗ്രസ് എസ്‌പി സഖ്യമെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു.