മലപ്പുറം: തൃശൂർ മൂൻസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനം നടത്തുന്നിടത്തുനിന്നും പിന്നീട് കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധേയനായി ഇന്ത്യൻ ഫുട്ബോളിന്റെ കറുത്തമുത്തായി മാറിയ ഐ.എം. വിജയന് റഷ്യയിൽനിന്നും ഡോക്ടറേറ്റ് ലഭിച്ചു.

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും എം എസ് പി അസി. കമാണ്ടന്റുമായ ഐ എം വിജയന് റഷ്യയിലെ നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ നിന്നുമാണ് ഡോക്ടറേറ്റ്. കായിക മേഖലയിലെ മികവ് പരിഗണിച്ചാണ് ഡോക്ടറേറ്റിന് പരിഗണിച്ചത്. ഈമാസം 10ന് യൂനിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു വിതരണം. ഡോക്ടറേറ്റ് നേടി മലപ്പുറത്ത് തിരിച്ചെത്തിയ വിജയനെ എം എസ് പി കമാണ്ടന്റ് ഹേമലത അഭിനന്ദിച്ചു. ഡോക്ടറേറ്റ് നേടാനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1969 ഏപ്രിൽ 25-ന് തൃശൂരിൽ പരേതരായ അയനിവളപ്പിൽ മണിയുടേയും കൊച്ചമ്മുവുവിന്റേയും മകനായി ജനിച്ചു. ചെറുപ്രായത്തിൽ തൃശൂർ മൂൻസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതള പാനീയങ്ങൾ വിറ്റ് ഉപജീവനമാർഗ്ഗം തേടിയിരുന്ന വിജയൻ ഇടക്ക്വെച്ച് സ്‌കൂൾ വിദ്യാഭ്യാസവും അവസാനിപ്പിച്ചു.

ഫുട്ബോൾ കളത്തിലെ അസാമാന്യ പ്രകടനമാണ് വിജയന്റെ ഇന്ത്യൻ ടീമിന്റെ കറുത്തമുത്താക്കി മാറ്റിയത്. പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീമിൽ അംഗമായി. ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടി. പൊലീസ് ടീം ഇന്ത്യൻ ഫുട്ബോളിൽ വൻശക്തിയായിരുന്ന കാലത്തായിരുന്നു ഇത്. പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽസ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.

1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടിയിട്ടുണ്ട്. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്‌കോറർ ആയി. 2003ൽ കായികതാരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡിനും അർഹനായിട്ടുണ്ട്.

കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഐ.എം. വിജയൻ തന്നെയാണ്. 1999-ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്ഫീൽഡറായും തിളങ്ങിയിട്ടുണ്ട്. ചില മലയാള, അന്യഭാഷാ ചലച്ചിത്രങ്ങളിലും വിജയൻ അഭിനയിച്ചിട്ടുണ്ട്.