തിരുവനന്തപുരം: പിഷാരടിയില്ലാതെ ധർമ്മജനും ധർമ്മജനില്ലാതെ പിഷാരടിയുമില്ല. അതാണ് ആരാധകരുടെ വിശ്വാസം. പിഷാരടി ധർമജനെ സ്ഥിരം കളിയാക്കുന്നതും കാണാം. ധർമ്മജന്റെ സ്വാഭാവിക അബദ്ധങ്ങളെയാണ് പിഷാരടി കളിയാക്കാറ്. നിഷ്‌ക്കളങ്കതയാണ് ധർമജന്റെ സ്ഥായിഭാവം. കൈരളി ടിവി ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴും പ്രേക്ഷകർക്ക് തോന്നി ധർമജൻ ഒരുസത്യസന്ധനാണെന്ന്.

താൻ മദ്യപാനം നിർത്തിയത് ദിലീപ് കാരണമാണെന്ന് നടൻ ധർമജൻ പരിപാടിയിൽ തുറന്നുപറഞ്ഞു.

'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാർത്ത അറിയുന്നത് വീട്ടിൽ നാദിർഷായുടെ ഫോൺ കോളിലൂടെയാണ്. ആ സന്തോഷത്തിൽ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാൻ കൂളിങ് ഗ്ലാസ് വച്ചാണ് ജയിൽ പരിസരത്തേക്ക് പോയത്.'

'അന്ന് കള്ളുകുടിച്ചു ജയിലിലിന് മുൻപിൽ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു.

എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിർത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.'-ധർമജൻ പറയുന്നു.

'ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ കാണുന്നത് ദിലീപേട്ടൻ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാൻ പറ്റാത്തതുകൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടൻ പുറത്തിറങ്ങുന്നത് വരെ കിടന്നത്.'

ട്രോളന്മാർ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാൻ പറ്റില്ലെന്നും ധർമജൻ ജെബി ജംഗ്ഷനിൽ പറഞ്ഞു.