ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരായ ആദായനികുതി ഉദ്യോഗസ്ഥരുടെ നടപടി പുരോഗമിക്കവേ കണ്ടെത്തിയത് വൻ അനധികൃത നിക്ഷേപം. കോളജ് ഹോസ്റ്റൽ അലമാരകളിൽ രത്‌നാഭരണങ്ങളും സ്വിസ് വാച്ചുകളും വരെ ഒളിപ്പിച്ചു വച്ചാണ് നേതാക്കൾ കൊള്ളസമ്പാദ്യം സൂക്ഷിച്ചത്. ശശികലയുടെ സഹോദരൻ വി. ദിവാകരന്റെ ഉടമസ്ഥതയിലുള്ള തിരുവാരൂർ സെങ്കമല തായാർ എജ്യുക്കേഷനൽ ട്രസ്റ്റ് വിമൻസ് കോളജ് ഹോസ്റ്റലിലെ താമസമില്ലാത്ത മുറികളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.

അതേസമയം, ദിവാകരനെ കുടുക്കാൻ ആദായനികുതി ഉദ്യോഗസ്ഥർ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവന്നു വച്ചെന്ന് ആരോപിച്ച് ഒരുസംഘമാളുകൾ കോളജ് കവാടത്തിൽ വെള്ളിയാഴ്ച തന്നെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 'ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി' എന്ന പേരിൽ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ, ബെംഗളൂരു, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന റെയ്ഡ് മൂന്നു ദിവസം പിന്നിട്ടു. കണക്കിൽപ്പെടാത്ത 5.5 കോടി രൂപയും 15 കിലോ സ്വർണവും 1,500 കോടി രൂപയുടെ അനധികൃത നിക്ഷേപം സംബന്ധിച്ച രേഖകളും ഇതുവരെ പിടിച്ചെടുത്തതായാണു വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വിശദവിവരങ്ങൾ ഡൽഹിയിലെ ഓഫിസിലേക്ക് അയച്ചതായി മാത്രമാണ് ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞത്.

ജയ ടിവി, ജാസ് മൂവീസ് എന്നിവയുടെ സിഇഒയും ശശികലയുടെ അനന്തരവനുമായ വിവേക് ജയരാമൻ, ശശികലയുടെ അഭിഭാഷകൻ സെന്തിൽ എന്നിവരുടെ വസതികൾ, ദിവാകരന്റെ മന്നാർഗുഡിയിലെ കോളജ്, സ്‌കൂളുകൾ, കൊടനാട് എസ്റ്റേറ്റ് എന്നിങ്ങനെ നാൽപതിലധികം ഇടങ്ങളിലാണു റെയ്ഡ് തുടരുന്നത്.

കഴിഞ്ഞ മൂന്നു ദിവസമായി ശശികലയുടെയും ബന്ധുക്കളുടെയും എഐഎഡിഎംകെയിലെ ശശികല വിഭാഗം നേതാക്കളുടെയും ശശികലയുമായി അടുപ്പം പുലർത്തുന്നവരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തി വരികയായിരുന്നു. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വിദേശനിക്ഷേപം, ആദായനികുതിവെട്ടിപ്പ് തുടങ്ങിയ പരാതികൾ മുൻനിർത്തിയാണ് പരിശോധന.

ടി.ടി.വി. ദിനകരന്റെ പുതുച്ചേരി അരോവില്ലയിലെ ഫാം ഹൗസ്, ശശികലയുടെ മന്നാർഗുഡിയിലെ വീട്, ശശികലയുടെ സഹോദരൻ ദിവാകരൻ, സഹോദരപുത്രൻ വിവേക് ജയരാമൻ, സഹോദരഭാര്യ ഇളവരശിയുടെ മകൾ കൃഷ്ണപ്രിയ എന്നിവരുടെ വീടുകൾ, ബെംഗളൂരുവിലുള്ള എ.ഐ.എ.ഡി.എം.കെ. യൂണിറ്റ് പ്രസിഡന്റ് പുകഴേന്തിയുടെ വീട്, ശശികലയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ജാസ് സിനിമാസ്, ജയലളിതയുടെ നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ്, ദിനകരൻപക്ഷത്തെ നേതാക്കളുടെ വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി 187 ഇടങ്ങളിലാണ് ആദായനികുതി ഉദ്യോഗസ്ഥർ മിന്നൽപ്പരിശോധന നടത്തിയത്.

ജയലളിതയാണ് ജയ ടി.വി. ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ ചാനൽ ശശികലയുടെ പിടിയിലാണ്. ശശികലയും ദിനകരനും കൂട്ടാളികളും ചേർന്ന് നടത്തുന്ന ബിനാമി ഇടപാടുകൾ, ക്രയവിക്രയങ്ങൾ, ബാങ്ക് ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ആദായനികുതിവകുപ്പ് പരിശോധന നടത്തിയതായാണറിയുന്നത്. ജയ ടി.വി. അക്കൗണ്ട്സ് വിഭാഗത്തിൽ പരിശോധന ഏറെനേരം തുടർന്നു. ശശികലയുമായി ബന്ധമുള്ള മിഡാസ് ഡിസ്റ്റിലറീസ്, ജാസ് സിനിമാസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആദായനികുതി ഉദ്യോഗസ്ഥർ പത്തു സംഘമായാണ് പരിശോധനയ്ക്കെത്തിയത്. വിവരം പുറത്തറിയാതിരിക്കാൻ വിവാഹപ്പാർട്ടിക്കാരെന്ന വ്യാജേനയാണ് റെയ്ഡിനെത്തിയത്.

ശശികലകുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടന്ന ആദായനികുതി റെയ്ഡിനെ പരോക്ഷമായി വിമർശിച്ച് രാജ്യസഭാംഗവും മുതിർന്ന ബിജെപി. നേതാവുമായ സുബ്രഹ്മണ്യൻ സ്വാമിയും രംഗത്തെത്തി. എന്തുകൊണ്ട് ഡി.എം.കെ. അധ്യക്ഷൻ കരുണാനിധിയുടെയും മകൾ കനിമൊഴിയുടെയും വീട്ടിൽ റെയ്ഡ് നടത്തുന്നില്ലെന്ന് അദ്ദേഹം 'ട്വിറ്ററി'ലൂടെ ചോദിച്ചിരുന്നു.