പനാജി: വിവിഐപി സംസ്‌കാരം ബ്രിട്ടീഷ് ഭരണത്തിന്റെ സൃഷ്ടിയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഓരോ തവണയും താൻ കടന്നു പോകുമ്പോൾ തന്നെ സല്യൂട്ട് ചെയ്യേണ്ടെന്നും പൊലീസുകാരോട് ഫട്‌നാവിസ് പറഞ്ഞു.

താൻ വിവിഐപി സംസ്‌കാരത്തിൽ വിശ്വസിക്കുന്നില്ല. അത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയതാണെന്നും ഗോവയിൽ വിമൺ എക്കണോമിക് ഫോറത്തിൽ സംസാരിക്കവെ ഫട്‌നാവിസ് പറഞ്ഞു.

തങ്ങളാണ് ഇന്ത്യ ഭരിക്കുന്നതെന്നും അതിനാൽ തങ്ങൾ മേലധികാരികളാണെന്നും കാണിക്കാൻ വേണ്ടി ബ്രിട്ടീഷുകാർ ആരംഭിച്ചതാണ് പല രീതികളും. എന്നാൽ ഇന്ന് സ്വതന്ത്ര ഇന്ത്യയിൽ നമുക്ക് അത് ആവശ്യമില്ല. ഓരോ തവണയും ട്രാഫിക് പൊലീസുകാരെ കടന്ന് പോകുമ്പോൾ അവർ മുഖ്യമന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ല. മഹാരാഷ്ട്രയിലെ പൊലീസുകാരോട് ഈ സംവിധാനം എടുത്തു കളയാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ നക്‌സൽ ഭീഷണിയുണ്ടെന്ന് പറഞ്ഞ് തനിക്ക് പതിനഞ്ച് അകമ്പടി വാഹനങ്ങളാണ് പൊലീസ് നൽകിയത്. എന്നാൽ താനത് അഞ്ചാക്കി കുറച്ചിരുന്നു. പ്രശ്‌നബാധിത മേഖലകളിൽ അല്ലാതെ മറ്റെവിടെ പോകുമ്പോഴും തന്റെ അകമ്പടി കാറുകളുടെ എണ്ണം അഞ്ചിൽ നിന്നും രണ്ടെണ്ണമായി കുറയ്ക്കാൻ താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.