ബംഗളുരു: ചിരഞ്ജീവി സർജ്ജയുടെ മരണം ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിന് വലിയ ആഘാതമാണ് തീർത്തത്. മേഘ്‌ന രാജ് ഗർഭിണിയായിരിക്കവേ ആയിരുന്നു സർജ്ജയുടെ മരണം. ഇത് സിനിമാ ലോകത്തിന് തന്നെ വലിയ ഷോക്കായി മാറി. ഈ ദുരന്തത്തിൽ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് മേഘ്‌ന. ഇവർക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. മാനസികമായി തളർന്നുപോയ നടിയെ വീണ്ടും കരകയറാൻ പഠിപ്പിച്ചത് സുഹൃത്തുക്കളാണ്. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് അവർ.

ഇനി തന്റെ ജീവിതം മകനുവേണ്ടിയാണെന്നും ഭർത്താവിന്റെ മരണശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവേ മേഘ്ന രാജ് പറഞ്ഞു. ആൺകുട്ടി ജനിക്കുമെന്നാണ് ചീരു പറഞ്ഞത്. എന്നാൽ പെൺകുട്ടിയാകുമെന്നാണ് താൻ പറഞ്ഞത്. ഒടുവിൽ ചീരു പറഞ്ഞതുപോലെ തന്നെ ആൺകുട്ടി പിറന്നുവെന്നും മേഘ്ന പറഞ്ഞു.ചിരഞ്ജീവിയുടെ ഓർമ്മകളുമായി മകനുവേണ്ടി മുന്നോട്ട്‌പോകുവാൻ ആഗ്രഹിക്കുന്നെന്ന് മേഘ്ന അഭിപ്രായപ്പെട്ടു. വിഷമഘട്ടത്തിൽ തനിക്ക് ഒപ്പം നിന്നത് മാതാപിതാക്കളും സുഹൃത്തുക്കളായ നസ്രിയയും അനന്യയുമാണെന്ന് നടി ഓർത്തു. 'ഏവർക്കും പ്രിയങ്കരനായിരുന്നു ചിരു. അദ്ദേഹത്തെ പോലെ മകനെ വളർത്തും.' മേഘ്ന പറഞ്ഞു.

'അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുള്ളതാണ്. ഞാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭർത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ സിനിമകളിൽ അഭിനയിക്കുന്നത് തുടരും.'- മേഘ്‌ന പറഞ്ഞു.

'മകൻ ചിരുവിനെപ്പോലെ തന്നെയാണ്. ജനിക്കുന്നത് ആൺകുട്ടി ആയിരിക്കുമെന്ന് ചിരു പറയുമായിരുന്നു. പെൺകുട്ടിയാകുമെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് സത്യമായി. ലയൺകിങിലെ സിംബയെപ്പോലെ കുട്ടിയെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും ചിരു പറഞ്ഞിരുന്നു. എന്നാൽ അതൊക്കെ വെറുതെയായി.'മേഘ്ന പറഞ്ഞു.

ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണത്തിനു ശേഷം ആദ്യമായാണ് മേഘ്‌ന മാധ്യമങ്ങളോട് സംസാരിച്ചത്. 'ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. മാനസികമായി തളർന്നിരുന്നു. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിൽ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ചിരു അതിന് നേർ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ?-'മേഘ്‌ന പറയുന്നു.