- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിൽ ചേരാനില്ല; അത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം; താൻ കോൺഗ്രസിൽ ചേരില്ലെന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചു; സ്വന്തം പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും മാണി സി കാപ്പൻ
തിരുവനന്തപുരം: മാണി.സി.കാപ്പനെ യുഡിഎഫിൽ ഘടകകക്ഷിയാക്കുന്നതിനോട് കെപിസിസി നേതൃത്വത്തിന് യോജിപ്പില്ല. കാപ്പൻ കോൺഗ്രസിൽ ചേരണമെന്നും പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മൽസരിക്കണമെന്നും മുല്ലപ്പള്ളി പലവട്ടം ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിൽ ചേരില്ലെന്നും സ്വന്തം പാർട്ടി പ്രഖ്യാപിച്ച് മുന്നോട്ടുപോവുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. സ്വന്തം പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ചു പോവാനാണ് ഉദ്ദേശിക്കുന്നതെന്ന് കാപ്പൻ പറഞ്ഞു.
എൽഡിഎഫ് വിട്ട മാണി സി കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ഈ നിലപാടിലാണുള്ളത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു മേൽനോട്ട സമിതി യോഗത്തിലും മുല്ലപ്പള്ളി ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നാണ് കാപ്പൻ പറയുന്നത്. കോൺഗ്രസിൽ ചേരില്ലെന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.
പുതിയ പാർട്ടി പ്രഖ്യാപിച്ച് യുഡിഎഫുമായി സഹകരിച്ചു മുന്നോട്ടുപോവും. ഒന്നിലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. അതേസമയം കാപ്പൻ മറുപക്ഷത്തേക്കു പോയത് ക്ഷീണമല്ലെന്നാണ് എൻസിപിയുടെ വിലയിരുത്തൽ. ഏതാനും ചിലർ മാത്രമാണ് കാപ്പനോടൊപ്പമുള്ളത്. അതു പാർട്ടിക്കു ക്ഷീണമാവില്ല. പാലാ ഉൾപ്പെടെയുള്ള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.
പാലായിൽ കാപ്പന് സ്വാധീനമുണ്ടെങ്കിലും പ്രത്യേക പാർട്ടി രൂപീകരിക്കാനുള്ള ശക്തിയോ പിന്തുണയോ ഇല്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വൻഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നില്ല. നിർണായക സാഹചര്യമുണ്ടായാൽ കാപ്പൻ മറുകണ്ടം ചാടുമോയെന്ന ആശങ്ക ഇല്ലാതില്ല. ഇതെല്ലാം മുന്നിൽ കണ്ടാണ് കാപ്പൻ കോൺഗ്രസിൽ വരണമെന്നും കൈപ്പത്തി ചിഹ്നത്തിൽ മൽസരിക്കണമെന്നും കെപിസിസി പ്രസിഡന്റ് തുടക്കം മുതൽ ആവശ്യപ്പെടുന്നത്.
കാപ്പന്റ മുന്നണി പ്രവേശം യു.ഡി.എഫിൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല പറയുമ്പോൾ മുല്ലപ്പള്ളിയുടെ പ്രതികരണം വ്യത്യസ്തമാണ്. പാലായിലെ കാപ്പന്റ മുന്നണി പ്രവേശത്തിൽ മുല്ലപ്പള്ളി പങ്കെടുക്കാതിരുന്നതും ഈ അഭിപ്രായവ്യത്യാസം കൊണ്ടാണന്നാണ് സൂചന. സാഹചര്യങ്ങൾ പരിശോധിച്ചശേഷം യുഡിഎഫിലെടുത്താൽ മതിയെന്ന് ഹൈക്കമാൻഡിന്റേയും നിലപാട്. മുല്ലപ്പള്ളിയുടെ നിലപാട് മറ്റ് നേതാക്കളും പൂർണമായും തള്ളുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ