ന്യൂഡൽഹി: സ്ഥലംമാറ്റം ആവശ്യപ്പെട്ടു ട്വീറ്റ് ചെയ്ത യുവാവിനു കുറിക്കുകൊള്ളുന്ന മറുപടിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയിലെ തങ്ങളുടെ 'വനവാസം' അവസാനിപ്പിക്കാമോ എന്നാവശ്യപ്പെട്ടാണു മന്ത്രിക്കു യുവാവിന്റെ ട്വീറ്റ് വന്നത്. സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്ഫർ ചോദിച്ചതിന് എന്റെ വകുപ്പിലായിരുന്നെങ്കിൽ സസ്‌പെൻഡു ചെയ്‌തേനെയെന്നാണു മന്ത്രി പ്രതികരിച്ചത്.

പുനെയിലെ ഐടി ജീവനക്കാരനായ സ്മിത് രാജാണ് മന്ത്രിക്കു ട്വീറ്റ് അയച്ചത്. തന്റെ ഭാര്യ ഝാൻസിയിൽ റെയിൽവെ ജീവനക്കാരിയാണെന്നും ഒരു വർഷത്തിലേറെയായി ഞങ്ങൾ 'വനവാസ'ത്തിലാണെന്നും ട്വീറ്റിൽ കുറിച്ചു. ഇതിനു പരിഹാരം കാണണമെന്നാവശ്യമാണു സ്മിത് രാജ് മന്ത്രിയോടു പറഞ്ഞത്.

എന്നാൽ, സോഷ്യൽ മീഡിയയിലൂടെ സ്ഥലംമാറ്റം ആവശ്യപ്പെട്ടതിനു ട്രാൻസ്ഫറല്ല, സസ്‌പെൻഷൻ ആയിരിക്കും ഞാൻ തരികയെന്നാണു മന്ത്രി പറഞ്ഞത്. എന്റെ വകുപ്പിലായിരുന്നെങ്കിൽ ഇപ്പോൾ അതു സംഭവിച്ചേനെയെന്നും സുഷമ പറഞ്ഞു.

പിന്നീട് സുഷമ ട്വീറ്റ് റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിനു കൈമാറുകയും ചെയ്തു. സ്ഥലംമാറ്റം കൈകാര്യം ചെയ്യുന്നത് താനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വേണ്ട നടപടി സ്വീകരിക്കണം എന്നു റെയിൽവെ ബോർഡ് ചെയർമാനോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

ഭാര്യക്കു പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ അമേരിക്കയിലുള്ള ഇന്ത്യൻ പൗരൻ പരാതി അറിയിച്ചു സുഷമ സ്വരാജിനു നേരത്തെ ട്വീറ്റ് അയച്ചിരുന്നു. നിങ്ങളുടെ 'വനവാസം' ഉടൻ അവസാനിക്കുമെന്നായിരുന്നു സുഷമ അന്നു മറുപടി നൽകിയത്. ഈ വാക്കു കടമെടുത്താണു സ്മിത് രാജും സ്ഥലംമാറ്റം ആവശ്യപ്പെട്ടു മന്ത്രിക്കു ട്വീറ്റ് അയച്ചത്.