ന്ത്യൻ നാഷണൽ കോൺഗ്രസ് വിദേശ ഇന്ത്യക്കാർക്കായി ആഗോളതലത്തിൽ എ.ഐ.സി.സിയുടെ ഘടകമായി രൂപീകരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്ന സംഘടനയുടെ അമേരിക്കൻ ഘടകമായ ഐ.ഒ.സി യു.എസ്.എയുടെ അംഗത്വത്തിനായുള്ള അപേക്ഷകൾ സ്വീകരപിച്ചുതുടങ്ങി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ സംഘടനകളേയും ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക പോഷകസംഘടനയായി രൂപീകരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒരു എ.ഐ.സി.സി സെക്രട്ടറിയുടെ മേൽനോട്ടത്തിലും, ഡോ. സാം പിട്രോഡ ചെയർമാനായുള്ള ഒരു കമ്മിറ്റിയുടെ നേതൃത്വത്തിലുമായിരിക്കും പ്രവർത്തിക്കുക. ഇതിന്റെ അമേരിക്കയിലെ ഘടകമായ ഐ.ഒ.സി യു.എസ്.എ ഡോ. സാം പിട്രോഡ ചെയർമാനും, ജോർജ് ഏബ്രഹാം വൈസ് ചെയർമാനും, മൊഹീന്ദർ സിങ് പ്രസിഡന്റുമായുള്ള ഒരു വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക.

പ്രസ്തുത സംഘടനയുടെ ആദ്യത്തെ 1000 മെമ്പർഷിപ്പുകൾ ലൈഫ് മെമ്പർമാർക്കായും, തുടർന്നുള്ളവ സാധാരണ മെമ്പർഷിപ്പായും ആയിരിക്കും നൽകുക. ഇതിന്റെ പ്രാരംഭമായി ചിക്കോഗോയിലേയും, മിഡ് വെസ്റ്റ് റീജിയനിലേയും അമ്പതോളം അംഗങ്ങളുടെ അപേക്ഷകൾ ശേഖരിച്ച് പോൾ പറമ്പി, സതീശൻ നായർ, തോമസ് മാത്യു പടന്നമാക്കൽ, റിൻസി കുര്യൻ തുടങ്ങിയവർ ഡോ. സാം പിട്രോഡയുടെ ഓഫീസിൽ എത്തി ലൈഫ് മെമ്പർഷിപ്പിനുള്ള അപേക്ഷകളുടെ ഫയൽ അദ്ദേഹത്തെ ഏൽപിച്ചു. ഓൺലൈനായും ഇമെയിലിൽ കൂടിയും ധാരാളം അപേക്ഷകൾ എത്തിച്ചേരുന്നുണ്ട്. ഡിസ്‌കൗണ്ട് റേറ്റിലുള്ള ആദ്യ ലൈഫ് മെമ്പർഷിപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ആയിരം പേർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ശേഷമുള്ളവ സാധാരണ നിരക്കിലുള്ളവയായിരിക്കും. ആയതിനാൽ താത്പര്യമുള്ളവർ കഴിവതും വേഗത്തിൽ അപേക്ഷകൾ സമർപ്പിക്കുവാൻ മെമ്പർഷിപ്പ് കമ്മിറ്റിക്കുവേണ്ടി തോമസ് മാത്യു പടന്നമാക്കൽ അഭ്യർത്ഥിച്ചു.