ന്യൂയോർക്ക്:  ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസിനോടനുബന്ധിച്ചു നടക്കുന്ന മാദ്ധ്യമ ശിൽപ്പശാലയ്ക് പ്രഗത്ഭ ഡോക്യുമെന്ററി സംവിധായകൻ സൈമൺ കുര്യനും അദ്ദേഹത്തിന്റെ ഭാര്യയും ടി വി പ്രൊഡ്യുസറും  എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ഗീതാഞ്ജലി കുര്യനും നേതൃത്വം നൽകും. ഓസ്‌ട്രേലിയയിലെ സിഡ്‌നി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈമൺ കുര്യനും ഗീതാഞ്ജലിയും മലയാളികളാണ്.

അത്ഭുതങ്ങളുടെയും ഇന്നുവരെ കണ്ടിട്ടില്ലാത്ത ജീവിതങ്ങളുടേയും കഥകൾ ഇന്ത്യയിൽനിന്നു ലോകത്തിനു പരിചയപ്പെടുത്തുന്ന കണ്ണുകളാണ് സൈമൺ കുര്യന്റേത്. എൻഡോസൾഫാൻ ദുരിതം വിതച്ച കാസർഗോഡിന്റെ ദുരന്തകഥ ലോകത്തിനു മുന്നിൽ എത്തിച്ചത് സൈമൺ സംവിധാനം ചെയ്ത ടോക്‌സിക് വാലി എന്ന ഡോക്യുമെന്ററിയിലൂടെയാണ്. 2011ൽ സ്‌റ്റോക്‌ഹോമിൽ  നടന്ന കൺവെൻഷനിൽ ഉയർന്ന പ്രതിഷേധത്തിലൂടെ എൻഡോസൾഫാൻ ദുരന്തബാധിതരുടെ കഥകൾ ലോകമറിഞ്ഞപ്പോൾ  ആ കഥകൾ ലോകത്തിനു മുന്നിലേക്കെത്തിക്കാനായി ഓസ്‌ട്രേലിയയിൽനിന്നു കാസർഗോട്ടേക്ക് എത്തുകയായിരുന്നു സൈമൺ. ഒപ്പം ഭാര്യ ഗീതാഞ്ജലി കുര്യനും. മൂന്നുവർഷം നീണ്ട അവരുടെ പ്രയത്‌നത്തിന്റെ പ്രതിഫലമായിരുന്നു ടോക്‌സിക് വാലി. കീടനാശിനികളുടെ ഉപയോഗത്തിന്റെ ദുരന്തഫലങ്ങൾ പേറുന്ന ഒരു നാടിന്റെ കഥ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിക്കുന്നതിൽ സൈമൺ വഹിച്ച പങ്ക് ചെറുതല്ല. ലോകവ്യാപകമായി തന്നെ കീടനാശിനികൾക്കെതിരായ വികാരം നിർമ്മിച്ചെടുക്കുന്നതിനും ഇത് സഹായകമായി.

രണ്ടര ദശകങ്ങളായി ഡോക്യുമെന്ററി നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സൈമൺ ബിബിസി, ചാനൽ ഫോർ യു കെ  തുടങ്ങിയവയ്ക്കായി നിരവധി ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽത്തന്നെ ശിവാസ്  ഡിസൈപ്പിൾസ് എന്ന ഡോക്യുമെന്ററി ലോകപ്രശസ്തമാണ്.

സൈമണോടൊപ്പം ഭാര്യ ഗീതാഞ്ജലിയും ഈ പ്രവർത്തനങ്ങളിലെല്ലാം പങ്കാളിയാണ്. എഴുത്തുകാരിയായും ഗവേഷകയായും നിർമ്മാതാവായും അവരാണ് ഈ ഡോക്യുമെന്ററികളുടെ എല്ലാം പിന്നിലുള്ള ശക്തിയായി പ്രവർത്തിക്കുന്നത്. ഇവർ ഇരുവരും നേതൃത്വം നൽകുന്ന ശിൽപ്പശാല ഡോക്യുമെന്ററി രംഗത്തെക്കുറിച്ച്  അതിവിപുലമായ അറിവ് പകരാൻ കഴിയുന്നതാണെന്നതിൽ സംശയമില്ല.

2015 ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിലെ റോൺകോൺകോമ ക്ലാരിയോൺ ഹോട്ടൽ ആൻഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന ഇൻഡോഅമേരിക്കൻ പ്രസ്‌ക്ലബിന്റെ അന്തർദേശീയ മാദ്ധ്യമ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തരായ മാദ്ധ്യമ പ്രവർത്തകർ  നയിക്കുന്ന ഉന്നത നിലവാരമുള്ള സെമിനാറുകളും വർക്കുഷോപ്പുകളും ഉണ്ടായിരിക്കും. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസൺ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്/ ഫീച്ചർ റയ്റ്റിങ്ങ്, ഫൊട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നുണ്ട്. കോൺഫറൻസിനോടനുബന്ധിച്ച്  നടത്തുന്ന പൊതു സമ്മേളനത്തിൽ ആദരണീയയായ  സാമൂഹ്യ  പ്രവർത്തക ദയ ബായിക്ക്  'സത്കർമ' അവാർഡ്  നല്കി ആദരിക്കുമെന്നും  ഐഎപിസി ഭാരവാഹികൾ അറിയിച്ചു.