അറ്റ്‌ലാന്റാ, ജോർജിയ - പാഠ്യവിഷയങ്ങൾ, കായികം, നേതൃപാടവം, സാമൂഹ്യപ്രവർത്തനം, കലകൾ എന്നീ രംഗങ്ങളിൽ കഴിവുതെളിയിച്ചിട്ടുള്ള മുപ്പതു വിദ്യാർത്ഥികൾക്ക് അറ്റ്‌ലാന്റാ എയർപോർട്ട് മാരിയട്ട് ഹോട്ടലിൽ ഒക്‌റ്റോബർ 5, 6, 7, 8 തീയതികളിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്‌ളബിന്റെ (ഐ.എ.പി.സി.) അഞ്ചാമത് രാജ്യാന്തര മാധ്യമസമ്മേളനത്തിൽ വച്ച് അഞ്ഞൂറുഡോളർ വീതമുള്ള സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതാണെന്ന് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 

സ്റ്റീഫൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഗ്രേസി സ്റ്റീഫനും സെയിന്റ് മേരീസ് എഡ്യൂക്കഷനൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സെക്രട്ടറി സരോഷ് പി. ഏബ്രഹാമും ആണ് ഈ സ്‌കോളർഷിപ്പുകൾ സ്‌പോൺസർ ചെയ്തിരിക്കുന്നത്. അറ്റ്‌ലാന്റാ മെട്രോപ്പൊലീറ്റൻ ഏരിയായിൽ വസിക്കുന്ന ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന മെറിറ്റ് സ്‌കോളർഷിപ്പുകൾ ഈ വർഷത്തെ കോൺഫറൻസിന്റെ ഒരു പ്രത്യേകതയാണ്. ''ഇന്ത്യൻ വംശജരായവിദ്യാർത്ഥികളുടെ, പാഠ്യരംഗത്തും പാഠ്യേതരരംഗങ്ങളിലുമുള്ള നേട്ടങ്ങൾ ഈ കോൺഫറൻസിൽ ആദരിക്കപ്പെടുന്നതാണ്,'' ചെയർമാൻ പറഞ്ഞു.

വളരെ വിപുലമായ പ്രതികരണമാണ് സ്‌കോളർഷിപ്പ് കമ്മിറ്റിക്ക് ലഭിച്ചത്. ''ഗ്‌ളോബൽ, നാഷനൽ, സ്റ്റേറ്റ് എന്നീ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിനായി തെരഞ്ഞടുത്തിട്ടുള്ളത്,'' അറ്റ്‌ലാന്റാ ചാപ്റ്റർ അഡൈ്വസറി ബോർഡ് മെംബർ അനിൽ അഗസ്റ്റിനും ഐ.എ.പി.സി. ബോർഡ് മെംബർ സുനിൽ ജെ. കൂഴമ്പാലയും അറിയിച്ചു.

ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായി 2013-ൽ രൂപീകരിക്കപ്പെട്ട സംഘടനയായ ഐ.എ.പി.സി., കഴിഞ്ഞ നാലുവർഷങ്ങളായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വാർഷിക മാധ്യമകോൺഫറൻസുകൾ നടത്തിവരുന്നു. അമേരിക്കയിലും കാനഡയിലുമായി ഐ.എ.പി.സി.യ്ക്ക് ഇപ്പോൾ എട്ട് ലോക്കൽ ചാപ്റ്ററുകളുണ്ട്