തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ പേരിൽ നിയമവിരുദ്ധ തീരുമാനങ്ങൾ പൊലീസ് അടിച്ചേൽപിക്കുന്നതായി ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷമെന്ന് റിപ്പോർട്ട്. നിയന്ത്രണങ്ങളുടെ പേരിൽ റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നീങ്ങുന്നുവെന്ന പരാതിയും ശക്തമാണെന്നാണ് വാർത്ത.

കോവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണെന്നും കോടതിയലക്ഷ്യമാകുമെന്നും ഐഎഎസ് ഉദ്യോഗസ്ഥർ നിലപാട് എടുത്തതായാണ് സൂചന. പൊലീസിന്റെ പൂർണ നിയന്ത്രണത്തിലുള്ള ജയിലുകളിൽപ്പോലും കോവിഡ് പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കലക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിയോജിപ്പിനെത്തുടർന്നാണു കോവിഡ് ബാധിതരുടെ വിവരശേഖരണം ഉൾപ്പെടെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് വില്ലേജ് ഓഫിസിലെ തിരക്കു നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും പൊലീസ് നൽകിയ നോട്ടിസിനെതിരെ കലക്ടർ തന്നെ ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിരുന്നു. ഉന്നത ഇടപെടലിനെത്തുടർന്ന് നോട്ടിസ് പിൻവലിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനോട് ചേർന്നാണ് വില്ലേജ് ഓഫിസും.

കോവിഡ് നിയന്ത്രണവിധേയമാക്കാൻ പൊലീസിനു സർക്കാർ നൽകിയ രണ്ടാഴ്ചത്തെ സമയപരിധി ഇന്നു തീരും. ഈ ചുമതല പൊലീസിനു നൽകിയ 3ന് 962 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നലെ അത് 1530 ആയിരുന്നു. തീരുമാനം കർശനമായി നടപ്പാക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടിയെടുക്കുമെന്നും കലക്ടർമാർ ഉൾപ്പെടെയുള്ളവർക്കു സർക്കാർ മുന്നറിയിപ്പു നൽകിയിരുന്നു. കാസർകോട് മാതൃകയിൽ വീടുകളിലെ നിരീക്ഷണം, സമ്പർക്കപ്പട്ടിക തയാറാക്കൽ ഉൾപ്പെടെയുള്ള ചുമതലകൾ പൊലീസിനു കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയത്.

ചീഫ് സെക്രട്ടറി 3നു തന്നെ ഉത്തരവിറക്കി. ജില്ലാ പൊലീസ് മേധാവികളുമായി കൂടിയാലോചിച്ച് നടപടിയെടുക്കാനായിരുന്നു കലക്ടർമാർക്കുള്ള നിർദ്ദേശം. പ്രതിപക്ഷവും ആരോഗ്യമേഖലയിലെ സംഘടനകളുമെല്ലാം എതിർത്തൈങ്കിലും സർക്കാർ പിന്മാറിയില്ല.