തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു. താക്കീതും കൊടത്തു. തലസ്ഥാനത്തെ ആഡംബര അപ്പാർട്ട്മെന്റിൽ രഹസ്യമായി ഒത്തുകൂടുന്ന ചില ഐ.എ.എസ്. ഉന്നതർക്കു മുഖ്യമന്ത്രിയുടെ താക്കീത്. ഇതുസംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.

നാല് ഐ.എ.എസ്. പ്രമുഖർ നിരീക്ഷണത്തിലാണെന്നാണ് മംഗളം വാർത്ത. തലസ്ഥാനത്തു വഴുതക്കാട്ടെ ആഡംബര ഫ്‌ളാറ്റിൽ ഒത്തുചേരുന്ന ഉദ്യോഗസ്ഥസംഘം നിർണായക വിവരങ്ങൾ പ്രതിപക്ഷത്തിനു ചോർത്തുന്നതായി സർക്കാരിനു സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്തു ഭരണമാറ്റമുണ്ടാകുമെന്ന പ്രതീതിയുടെ പശ്ചാത്തലൽ ആണ് ഉദ്യോഗസ്ഥനീക്കമെന്നും ഇന്റലിജൻസ് മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകി. വഴുതക്കാട്ടെ നക്ഷത്ര അപ്പാർട്ട്മെന്റിൽ പതിവായി ഒത്തുകൂടുന്നവരെപ്പറ്റി സർക്കാരിനു വിവരം ലഭിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ തുറന്നടിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിലെ നിർണ്ണായക വിവരങ്ങൾ മറുനാടൻ മലയാളിക്ക് കിട്ടി.

മലയാളികളായ ഐഎഎസുകാരെ അല്ല മുഖ്യമന്ത്രിക്ക് സംശയം. ഒപ്പം നിൽക്കുന്ന ചില ഐ എ എസുകാരാണ് ഒറ്റുകാർ. ഇതിൽ പ്രതിപക്ഷം പരസ്യമായി പ്രതിക്കൂട്ടിൽ നിർത്തുന്ന നോർത്തുകാരനുമുണ്ട്. ഇവർക്കെല്ലാം അതിവിശ്വസ്ത പദവി പിണറായി കൊടുത്തിരുന്നു. ഇവരാണ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് റിപ്പോർട്ട്. വഴുതാക്കെട്ടെ ടാഗോർ തിയേറ്ററിന് അടുത്ത ഫ്‌ളാറ്റാണ് ഗൂഢാലോചനാ കേന്ദ്രം. ഈ പ്രദേശമാകെ ഇനി പൊലീസ് നിരീക്ഷണത്തിലാകും. ഞെട്ടിക്കുന്ന വിവരങ്ങളാണ് മുഖ്യമന്ത്രിയെ തേടിയെത്തിയത്. ഭരണം അട്ടിമറിക്കാൻ കൂടെ നിൽക്കുന്നവർ പോലും കള്ളക്കളി നടത്തുന്നുവെന്നാണ് പിണറായി തിരിച്ചറിയുന്നത്.

ഈ സാഹചര്യത്തിലാണ് ഐഎഎസുകാരുടെ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരിൽ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്കു തടസമുണ്ടാകരുതെന്ന കർശനനിർദ്ദേശവും മുഖ്യമന്ത്രി നൽകി. ഉദ്യോഗസ്ഥതലത്തിൽ കൈക്കൊള്ളേണ്ട സുപ്രധാന നടപടികൾ വിശദീകരിച്ച് യോഗത്തിനുശേഷം ചീഫ് സെക്രട്ടറി പ്രത്യേക കുറിപ്പിറക്കി. ഇതുപ്രകാരം, വികസനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പൊതുഭരണവകുപ്പിൽ സെക്രട്ടറിമാരുടെ പ്രത്യേക സെൽ രൂപീകരിക്കും. സെക്രട്ടറിമാർ ദിവസേന യോഗം ചേർന്ന്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ആലോചിച്ച്, പെരുമാറ്റച്ചട്ടം സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം.

സർക്കാർ ഫയലുകളിൽനിന്നുള്ള വിവരങ്ങൾ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കർശനനിർദ്ദേശം. സെക്രട്ടേറിയറ്റിൽനിന്ന് വിവാദ ഫയലുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. എവിടെനിന്നാണ് വിവരങ്ങൾ ചോരുന്നതെന്ന് അറിയാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീക്കം ഉണ്ടാകരുത്. ഉത്തമബോധ്യത്തിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണം ഉണ്ടാകും. തീരുമാനങ്ങളെടുക്കുന്നതിൽ അനാവശ്യ ആശങ്കകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി.

സർക്കാർ പദ്ധതികളെക്കുറിച്ച് കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യം കണക്കിലെടുത്താണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. വിവാദ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ സർക്കാരിൽനിന്ന് ചോർന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. സ്പ്രിംക്‌ളർ മുതൽ ലൈഫ് മിഷൻ വരെയുള്ള പദ്ധതികളുടെ വിവരങ്ങൾ ചോർന്നത് സർക്കാരിന്റൈ പ്രതിരോധത്തെപോലും ബാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട പശ്ചാത്തലത്തിൽ വികസന പ്രവർത്തനങ്ങൾ മുടങ്ങരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങാൻ സംവിധാനമൊരുക്കും. നാല് വർഷത്തെ ഭരണനേട്ടങ്ങളിൽ ഉദ്യോഗസ്ഥരുടെ പങ്കിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്.. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. ഇതിനൊപ്പം പമ്പാ മണൽ കടത്ത് ചർച്ചയായതും ഈ വഴിക്കാണെന്നാണ് വിലയിരുത്തൽ. ഇതിന് സമാനമായി മറ്റ് പല മലയാളികളായ ഐഎഎസുകാരും സർക്കാരിന് എതിരാണ്. താൽകാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എഴുതിയ വാട്‌സാപ്പ് കുറിപ്പും ഇതിനിടെ ചർച്ചയായിരുന്നു. എന്നാൽ ഇവരൊന്നുമല്ലെ പ്രധാന ചോർത്തലുകാർ എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.

ഇതോടെയാണ് ഐഎഎസുകാരെ കുറിച്ച് സർക്കാരിന് സംശയങ്ങൾ ഉയർന്നത്. അന്വേഷണത്തിന് സ്‌പെഷ്യൽ ബ്രാഞ്ചിനെ നിയോഗിക്കുകയും ചെയ്തു. ഇതാണ് ഐഎഎസുകാർ വിവരങ്ങൾ ചോർത്തുന്നുവെന്ന നിഗമനത്തിലേക്ക് എത്തിയത്. അതും പ്രതീക്ഷിക്കാത്ത പേരുകാർ.