തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന ഐ.എ.എസുകാരായ 125 പേരിൽ 40 ശതമാനത്തോളം പേർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ. ഇതു വലിയ പ്രതിസന്ധിയായി മാറുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പോലും ഒരു ഉദ്യോഗസ്ഥനെ വിട്ടുകൊടുക്കാൻ കഴിയാത്ത അവസ്ഥ. ഇത് വലിയ പ്രതിസന്ധിയായി മാറുകയാണ് കേരളത്തിൽ.

കഴിഞ്ഞദിവസം ചുമതലയേറ്റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ അധികച്ചുമതലകൾ വഹിക്കാനാവുമോ എന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കാത്തിരിക്കുകയാണ് കേരളം. ടീക്കാറാം മീണയ്ക്കു പകരം നിയമിച്ച ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ.) സഞ്ജയ് എം. കൗൾ ഫിനാൻഷ്യൽ എക്സ്പെൻഡിച്ചർ വകുപ്പ് സെക്രട്ടറിയുടെയും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെയും ചുമതലയും വഹിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് കമ്മീഷൻ അംഗീകരിക്കാൻ ഇടയില്ല.

കമ്മീഷൻ സിഇഒ. മറ്റു ചുമതലകൾ വഹിക്കരുതെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിലുള്ളത്. കേന്ദ്ര കമ്മിഷൻ അനുവദിച്ചാൽ തടസ്സമില്ല. സംസ്ഥാനത്ത് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ട്. ഈ സാഹചര്യത്തിലാണ് കൗളിന് അധിക ചുമതലകൾ കൂടി നൽകുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ ക്ഷാമത്തിന്റെ പേരിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണയെ വിട്ടുനൽകണമെന്നു സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടതും. പകരം ആളെ നൽകണമെന്ന് കേന്ദ്രകമ്മിഷൻ ആവശ്യപ്പെട്ടപ്പോഴാണ് സഞ്ജയ് എം. കൗളിനെ നിയമിച്ചത്. അപ്പോഴും അധിക ചുമതലകൾ അദ്ദേഹത്തിന് നൽകുകയായിരുന്നു.

സർക്കാരിന് അത്ര താൽപ്പര്യമില്ലാത്ത ഉദ്യോഗസ്ഥനാണ് കൗൾ എന്ന വിവാദങ്ങൾ നേരത്തെ ഉയർന്നിരുന്നു. നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് ഇതിന് കാരണം. എന്നിട്ടും കൗളിന് അധിക ചുമതല നൽകേണ്ടി വരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നവർക്ക് കേരളത്തിൽ തിരിച്ചു വരാൻ താൽപ്പര്യമില്ല.

പിണറായി സർ്ക്കാരിനോടുള്ള താൽപ്പര്യക്കുറവാണ് ഇതിന് കാരണമെന്ന വാദം ശക്തമാണ്. പലരും ഡൽഹിയിൽ തന്നെ തുടരുകയാണ്. ഇതെല്ലാമാണ് ഐഎഎസ് ക്ഷാമത്തിന് കാരണം.